ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.
അതേസമയം രാജ്യത്ത് കൂടുതല്‍ കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനം. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനമായത്.
നേരത്തെ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 25 വരെയാണ് നിര്‍ത്തിവെക്കുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും.
അതേസമയം രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.
അടിയന്തര മേഖല ഒഴികെ എല്ലാം അടക്കണമെന്ന് ഐ.എം.എ അറിയിച്ചു. അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.