ലോകം മുഴുവന്‍ കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനെക്കുറിച്ചും കേരളം സ്വീകരിച്ചിട്ടുള്ള കരുതല്‍ നടപടികളെക്കുറിച്ചും പൊതുജനാരോഗ്യ പ്രവര്‍ത്തക ഡോ.ഷിംന അസീസ് സംസാരിക്കുന്നു.
ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യക്തവും ലളിതവുമായ ഭാഷയില്‍ സമൂഹമാധ്യമങ്ങള്‍ വഴി ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡോ.ഷിംന, വ്യാജവാര്‍ത്തകള്‍ പ്രത്യേകിച്ച് കൊവിഡ് കാലത്ത് വരുത്തുന്ന ആഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ സംസാരിക്കേണ്ട വിഷയം കൊറോണ തന്നെയാണ്. എന്താണ് ഈ കൊറോണ. ഇപ്പോള്‍ നമ്മളെടുക്കേണ്ട വളരെ പ്രധാനപ്പെട്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് ഒന്നു പറയാമോ?
കൊറോണ എന്ന് പറയുന്നത് ഒരു വൈറസ് കുടുംബത്തിന്റെ പേരാണ്. ഇത് കൊവിഡ് 19, കൊറോണ വൈറസ് ഡിസീസ് 2019. ഇതെന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ കൊറോണ കുടുംബത്തില്‍ നിന്നുള്ള വേറെയും കുറെ രോഗങ്ങളുണ്ടായിട്ടുണ്ട്. സാര്‍സ്, മെര്‍സ് എന്നൊക്കെ പറഞ്ഞിട്ടുള്ളത്.
അപ്പോള്‍ അതിന് സമാനമായ ലക്ഷണത്തോട് കൂടി കഴിഞ്ഞ വര്‍ഷം അവസാനത്തോടുകൂടി ചൈനയിലെ വുഹാനിലാണ് ഇത് തുടങ്ങുന്നത്. അങ്ങനെ ഇതിനെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ അറിയാന്‍ സാധിച്ചത് പുതിയൊരു തരം രോഗമാണ് എന്നാണ്. അത് വ്യാപിക്കുന്നതിന്റെ തോത് കൂടുതലാണ്.
വുഹാനിലാണ് തുടങ്ങിയതെന്ന് മാത്രം നമുക്ക് കിട്ടി. അതിന് ശേഷം വുഹാന്‍ എന്ന് പറയുന്നത് ഒരു ഫ്‌ളോട്ടിംഗ് പോപ്പുലേഷനാണ്. അവിടെ ഒരുപാട് ആളുകള്‍ വരുന്നുണ്ട് , അവിടെ നിന്ന് ആളുകള്‍ എല്ലായിടത്തും പോകുന്നുണ്ട്. അങ്ങനെ പോയി പോയി എല്ലായിടത്തും എത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോള്‍ ഏതാണ്ട് ഒരുലക്ഷത്തിലും മേലെയായി, നാലായിരത്തിലേറെ പേര്‍ മരിച്ചു. അന്റാര്‍ട്ടിക്ക ഒഴിച്ച് എല്ലാ ഭൂഖണ്ഡത്തിലുമുണ്ട്.
ആലോചിക്കുമ്പോള്‍ മൂന്നോ നാലോ ശതമാനം മാത്രമെ മരണനിരക്ക് വരുന്നുള്ളൂ. ഇത്ര കുറച്ച് പേര്‍ മരിക്കുന്ന ഒരു സംഗതിയ്ക്ക് എന്തിനാണിത്ര ബേജാറുവന്നത് എന്ന ചിന്തയാണ്. പ്രശ്‌നമെന്താണെന്ന് വച്ചാല്‍ ഈ പറയുന്ന സംഗതി ബാധിക്കുന്ന വ്യക്തിയ്ക്ക് സാധാരണ ഒരു ജലദോഷ പനിയുടെ ലക്ഷണങ്ങളെ ഉണ്ടാകുകയുള്ളൂ. അത്യാവശ്യം ആരോഗ്യം ഉള്ള ഒരാള്‍ക്ക്. അതല്ലാത്ത അവസ്ഥയില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഇത് ബാധിക്കുന്ന ഒരാള്‍ക്ക് മുന്‍പെ ഒരസുഖം ഉണ്ടെങ്കില്‍ ഹൃദ്രോഗമാകാം, ക്യാന്‍സറാകാം അങ്ങനെയുള്ളവര്‍ക്കാണ് ഇത് ഭയങ്കരമായ പ്രശ്‌നമാകുന്നത്.
മുന്‍പെ ഒരു രോഗമുള്ളിടത്തേക്ക് ഈ രോഗാണു ചെല്ലുന്ന സമയത്ത് അവിടെയാണ് മരണം സംഭവിക്കുന്നത്. അപ്പോള്‍ കേരളത്തിലെ ഒരു പോപ്പുലേഷന്‍ പോലെ നിറയെ പ്രായമായവരുള്ള അല്ലെങ്കില്‍ അത്രത്തോളം വൃക്കരോഗികളും ഹൃദ്രോഗികളും ഉള്ള സമൂഹമാണ് നമ്മുടേത്. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇത് പടര്‍ന്ന് കഴിഞ്ഞാല്‍ പിടിച്ചുകെട്ടാന്‍ പറ്റാത്ത ഒരു സാഹചര്യം വരും. അപ്പോള്‍ ഒരാള്‍ക്ക് പോലും രോഗം വരാന്‍ പാടില്ല.
അപ്പോള്‍ ഈ രോഗം വരാതിരിക്കാനുള്ള ശ്രമാമാണ് നടത്തുന്നത്. നേരത്തെ പറഞ്ഞ പോലെ പറയത്തക്ക ഭീകരമായ ലക്ഷണങ്ങള്‍ ഒന്നുമില്ല. അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇത് തടയാന്‍ നമ്മള്‍ ചെയ്യേണ്ടത്. എന്നാല്‍ അതൊന്നും തന്നെ നമ്മള്‍ ചെയ്യാറുമില്ല.
നമ്മള്‍ കൈ കഴുകുന്നതിന്റെ വീഡിയോ കാണിക്കുന്ന സമയത്ത് ഇങ്ങനെ കൈ കഴുകിയാല്‍ എപ്പോഴാണ് ഭക്ഷണം കഴിക്കാന്‍ പറ്റുക എന്നാണ് പലരും ചോദിക്കുന്നത്. വൃത്തിയെക്കുറിച്ച് നമുക്ക് അവബോധമുണ്ട്. കൃത്യമായ അവബോധമില്ല എന്നുള്ളതുകൊണ്ടാണ്.
കൊവിഡ് 19 ന് പ്രത്യേകിച്ച് ഒരു ചികിത്സ നിലവില്‍ ഇല്ല. രോഗമുള്ളവര്‍ മാസ്‌ക് ധരിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക.
പിന്നെ ഹാന്‍ഡ് സാനിറ്റൈസറിനെക്കാള്‍ നല്ലത് സോപ്പാണ്. ഏത് സോപ്പായാലും നന്നായി പതപ്പിച്ച് 20 സെക്കന്റ് കൈകഴുകുക. അങ്ങനൊകുമ്പോള്‍ കൊവിഡ് 19 നെ കൊല്ലാന്‍ പറ്റും. കാരണം ഇത് എന്‍വലപ്പ്ഡ് വൈറസാണ്. സോപ്പിനകത്തുള്ള ലാതര്‍ അതിന്റെ എന്‍വലപ്പ് നശിപ്പിക്കും. 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചാലും ഇത് തന്നെയാണ് സംഭവിക്കുന്നത്.
വളരെ ഈസിയാണ് പക്ഷെ നടപ്പില്‍ വരുത്താന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.
വൈറസ് ബാധയുള്ള രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ ഈ വൈറസ് ആ പ്രതലത്തിലുണ്ടാകും. ഈ വൈറസ് കുറച്ച് സമയം വരെ അവിടെയുണ്ടാകും. അവിടെ തൊട്ട് നമ്മള്‍ മുഖത്ത് തൊടുകയാണെങ്കില്‍ വായ, മൂക്ക്, കണ്ണ് വഴി ഇത് നമ്മുടെ ശരീരത്തിലേക്ക് കയറാം.
അപ്പോള്‍ ഇത് ബാധിച്ച രാജ്യത്ത് നിന്ന് വരുന്നയാളെ ഐസൊലേറ്റ് ചെയ്യുന്നത് വഴി അയാളിലുള്ള രോഗം ശരീരത്തിലുള്ള ആന്റിബോഡി ഉണ്ടാക്കി ആന്റിജെനെ നശിപ്പിച്ചോളും പക്ഷെ കുറച്ച് സമയം കൊടുക്കണം. ആ സമയമാണ് നമ്മള്‍ ഐസൊലേഷനില്‍ കൊടുക്കുന്നത്. അതല്ലാതെ ഇതിന് പ്രത്യേകിച്ചൊരു ചികിത്സയില്ല.
ആരോഗ്യമന്ത്രിയായാലും മറ്റ് അവരുടെ വെബസൈറ്റ് വഴിയാലും കൃത്യമായ വിവരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഇതിനപ്പുറത്തേക്ക് ഇതിനെ തോല്‍പ്പിക്കുന്ന തരത്തില്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുണ്ട്. കേരളം സാക്ഷരതയില്‍ മുന്നിലാണ് എന്ന് സ്വയം പറയുന്ന സമൂഹമാണ്. ഇതേ സമൂഹത്തിലാണ് വ്യാജവാര്‍ത്തകള്‍ക്ക് അതേ ജനപ്രിയത ലഭിക്കുന്നത്. അത് എത്രമാത്രം ദോഷകരമായി ആരോഗ്യപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്?
ഇക്കുറി എന്തോ ഒരു പുതിയ സാധനം ഇറങ്ങിയിട്ടുണ്ട് അത് പരക്കുന്നുണ്ട് എന്ന ഭയം എല്ലാവരിലുമുണ്ട്. അതുമാത്രവുമല്ല നമ്മള്‍ ആശ്രയിച്ചിരിക്കുന്ന പ്രവാസി സമൂഹത്തിലെല്ലാം ഈ രോഗം പിടിപെട്ടപ്പോള്‍ സ്വന്തം കുടുംബത്തിലുള്ളവര്‍ക്കും രോഗം വരുമെന്ന ഭീതി മനുഷ്യര്‍ക്കുണ്ടായി. അതിനാല്‍ വ്യാജവാര്‍ത്തകള്‍ക്കപ്പുറത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കണം എന്ന ചിന്താഗതി പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴും വെള്ളം കുടിച്ചാല്‍ കൊവിഡ് വരില്ല, മഞ്ഞള്‍ കലക്കിയ വെള്ളം കുടിച്ചാല്‍ കൊവിഡ് വരില്ല എന്നിവ പോലുള്ള വ്യാജവാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ കേട്ട് എനിക്ക് രോഗം വരില്ലെന്നൊരു തെറ്റായ ചിന്ത വന്നു കഴിഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പ്രളയ സമയത്തും ഇത്തരം വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. അന്ന് ആളുകളെല്ലാം ശാസ്ത്രാവബോധത്തോടുകൂടി കാര്യങ്ങളെ മനസ്സിലാക്കിയതുകൊണ്ടാണ് അത്രയും വെള്ളം കയറിയ സാഹചര്യത്തില്‍ പോലും പകര്‍ച്ചവ്യാധികള്‍ വരാതിരുന്നത്. ആളുകള്‍ കാര്യങ്ങളെ കുറേയധികം മനസ്സിലാക്കാന്‍ തുടങ്ങി എന്നു വേണം ഇതില്‍ നിന്നെല്ലാം കരുതാന്‍.
ഉറവിടമില്ലാത്ത രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ അധികം കണ്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥാനങ്ങളിലിരിക്കുന്ന ടി.പി സെന്‍കുമാര്‍, മുരളീധരന്‍ തുടങ്ങിയവര്‍ പറയുന്ന വ്യാജമായ കാര്യങ്ങള്‍ക്കെതിരെ ഒരുപാട് ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ചില ആക്രമണങ്ങള്‍ ഷിംന അസീസിനെ മാത്രം ഉന്നം വച്ചുകൊണ്ടുള്ളതായിരുന്നു. വ്യക്തിപരമായി അനുഭവിക്കേണ്ടി വരുന്ന ഇത്തരം ആക്രമണങ്ങളില്‍ എങ്ങനെയാണ് ചെറുത്തു നില്‍ക്കുന്നത്?
എനിക്ക് വ്യക്തമായ ധാരണയുള്ള കാര്യങ്ങളാണ് ഞാന്‍ സംസാരിക്കുന്നതും സാമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതുമെല്ലാം. ഉദാഹരണം പറയുകയാണെങ്കില്‍ 27 ഡിഗ്രി സെല്‍ഷ്യസില്‍ കൊറോണ വൈറസ് നശിച്ചു പോവും എന്ന വാദം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടാണ് ഞാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിവരം പങ്കുവെക്കുന്നത്. അതിനെതിരെ വരുന്ന ആക്രമണങ്ങളെ അവഗണിക്കുന്നതാണ് എന്റെ രീതി. കാരണം അവരോട് തര്‍ക്കിക്കാനുള്ളതല്ല എന്റെ മേഖല. അറിയാവുന്ന കൃത്യമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഇത്തരം ആക്രമണങ്ങളും വിമര്‍ശനങ്ങളും കാര്യമായി എടുക്കാറില്ല.
കൊവിഡ് 19 നെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ലോകശ്രദ്ധയേറ്റുവാങ്ങാന്‍ കേരളത്തിനായിരുന്നു. നിലവില്‍ ഈ രോഗത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് കൃത്യമായ ആശയങ്ങളുണ്ട് അത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നും അറിയാം. സൂക്ഷ്മമായ ചില വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കിലും ഒരു കേസ് പോസിറ്റീവാണെന്ന് അറിയുമ്പോള്‍ നമ്മുടെ ആരോഗ്യരംഗം എന്തു നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെവെച്ചു നോക്കുമ്പോള്‍ ആരോഗ്യമേഖലയില്‍ നമ്മള്‍ വളരെ മുന്നിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിയുടെ കീഴില്‍ വളരെ നല്ല രീതിയിലാണ് നമ്മള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും നിലനില്‍ക്കുന്ന ഒരു ആശങ്കയെന്തെന്നാല്‍ ഇത് പല രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒന്നായതിനാല്‍ ഒറ്റയടിക്ക് പിടിച്ചുകെട്ടാനാവില്ല. നിപ്പപൊലെയല്ല ഇത് ലോകത്തെ മുഴുവന്‍ ബാധിക്കുകയാണ്. വികസിത രാജ്യങ്ങളടക്കം ഇതിനുമുമ്പില്‍ ഭീതിയോട് നില്‍ക്കുകയാണ്. നിപ്പയെ സംബന്ധിച്ച് അത് ഒരു പ്രദേശങ്ങളില്‍ ഒതുങ്ങുന്നതായിരുന്നു. എന്നാല്‍ കൊവിഡ് 19 പടര്‍ന്നുകിടക്കുകയാണ്. അത്തരമൊരു ആശങ്കക്കിടയിലും സദാ ഉണര്‍ന്നു നില്‍ക്കുന്നൊരു ആരോഗ്യമേഖലയാണ് നമുക്കുള്ളത്. അതിനാല്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും നമ്മള്‍ ഈയൊരവസ്ഥയെ തരണം ചെയ്യുമെന്നാണ് വ്യക്തിപരമായ വിലയിരുത്തല്‍.
പൊതുജനങ്ങള്‍ കൊവിഡ് 19 നോട് എങ്ങനെ പ്രതികരിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്? ആളുകള്‍ക്ക് ഭീതിയുള്ളതായാണോ തോന്നിയിട്ടുള്ളത് അതോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന രീതിയിലുള്ള മനോഭാവമാണോ?
ആളുകള്‍ക്ക് ഭീതിയുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ എടുക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. കൃത്യമായി 28 ദിവസം വീടിനുള്ളില്‍ ഐസൊലേഷനില്‍ ഇരിക്കുക എന്നത് ഒരു ടാസ്‌ക് തന്നെയാണ്. അത് കൃത്യമായി ചെയ്യുന്നവര്‍ വളരെ കുറവാണ്. വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെ എത്രത്തോളം പ്രായോഗികമായാണ് ആളുകള്‍ എടുക്കുന്നതെന്നും അറിയില്ല. വിദേശത്തു നിന്നു വരുന്നവരെല്ലാം ദിവസങ്ങള്‍ക്കു ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന അവബോധമില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ