ന്യൂദല്‍ഹി: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 519 ആയി. ഞായറാഴ്ച വരെ 17615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കു പ്രകാരം ഞയറാഴ്ച രാത്രി ഒമ്പത് മണിവരെ രാജ്യത്ത് 1135 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അതേ സമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചിലയിടത്ത് ഇന്ന് ഉപാധികളോടെ ലോക്ഡൗണ്‍ ഇളവ് അനുവദിക്കും. ഏപ്രില്‍ 20 അര്‍ദ്ധരാത്രിയോടെ രാജ്യത്തെ കൊവിഡ് തീവ്രതയില്ലാത്ത മേഖലകളില്‍ ഇളവുകള്‍ നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത് .അതേ സമയം കൊവിഡ് ഹോട്ട് സ്‌പോട്ട് കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരും.
കൊവിഡ് തീവ്രതയില്ലാത്തയിടങ്ങളില്‍ കാര്‍ഷിക മേഖലകള്‍, വ്യാപാര മേഖലകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാവുമെന്നാണ് കേന്ദ്രം അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായിഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
അതേ സമയം മെയ് 3 വരെ ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.ഒപ്പം പഞ്ചാബ് സര്‍ക്കാരും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ലെന്നറിയിച്ചു.തെലുങ്കാനയില്‍ മെയ് 7 വരെ ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്. മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4200 കടന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ച 4200 പേരില്‍ 2,724 പേരും മുംബൈയില്‍നിന്നാണ്. ധാരാവിയില്‍ 20 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 12 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോള തലത്തില്‍ 2407255 പേര്‍ക്ക് കൊവിഡ് പിടിപെട്ടു. 165047 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.