| Thursday, 2nd April 2020, 9:36 am

ധാരാവിയിലെ കൊവിഡ് മരണം; സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ ധാരാവിയില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തതോടു കൂടി ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ ജാഗ്രതയിലാണ്. ബുധനാഴ്ച ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗി അര്‍ധരാത്രിയോടു കൂടിയാണ് സയോണ്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ധാരാവി പോലൊരു പ്രദേശത്ത് വൈറസ് എത്തിക്കഴിഞ്ഞാല്‍ അത് ആശങ്കാ ജനകമാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

‘ഇതുവരെ വൈറസ് ഓരോ കൂട്ടങ്ങള്‍ക്കിടയിലുമായിരുന്നെങ്കില്‍ ഇപ്പോഴത് ജനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നു എന്ന് പറയുമ്പോള്‍ അത് തീര്‍ത്തും ആശങ്കാ ജനകമാണ്,’ രാജേഷ് ടോപ്പെ പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് യാതൊരു വിദേശ ബന്ധവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ധാരാവിയില്‍ ഒരു തുണിക്കട നടത്തി വരികയായിരുന്നു. 300 ലധികം ഫ്‌ളാറ്റുകളും 90 ഓളം കടകളുമുള്ള അദ്ദേഹം താമസിച്ചിരുന്ന സമൂഹത്തെ മുഴുവന്‍ അധികൃതര്‍ സീല്‍ചെയ്തു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയവരെ മുഴുവന്‍ ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആ പ്രദേശത്തെ എല്ലാവരെയും പരിശോധനയ്ക്ക് അയച്ചിരുന്നു. എല്ലാ മുതിര്‍ന്ന പൗരന്മാരെയും ശ്വാസ തടസ്സമുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്,’ വാര്‍ഡ് ഓഫീസര്‍ കിരണ്‍ ഡിവാക്ടര്‍ പറഞ്ഞു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് മുംബൈയെ കൊവിഡ് 19 ന്റെ ഹോട്ട് സ്പോട്ടായി കണക്കാക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 59 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൊത്തം 335 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേരാണ് കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്.

ബുധനാഴ്ച, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 86 പേരെ സൗത്ത് മുംബൈയിലെ വോര്‍ലി കോളിവാഡ പ്രദേശത്ത് നിന്ന് ഒരു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

We use cookies to give you the best possible experience. Learn more