| Thursday, 5th November 2020, 11:56 am

കൊവിഡ്; ഇനിയുള്ള മൂന്ന് മാസങ്ങള്‍ തരണം ചെയ്യാനായാല്‍ നമ്മള്‍ സാധാരണ നിലയിലാവും: ബി. ഇക്ബാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവംബര്‍-ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കേരളത്തില്‍ ആള്‍ക്കൂട്ടങ്ങളിലൂടെ കൊവിഡിന്റെ അതിവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളുണ്ടെന്നും ഈ സമയം വലിയ പ്രശ്‌നങ്ങളില്ലാതെ തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ നമുക്ക് സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ച് വരാന്‍ കഴിയുമെന്നും ഡോ. ഇക്ബാല്‍.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ശബരിമല തീര്‍ത്ഥാടനം, ക്രിസ്തുമസ്സ്, പുതുവര്‍ഷാഘോഷങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബംഗാള്‍, ദല്‍ഹി, മണിപ്പൂര്‍, കേരളം ഈ നാലു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേയവസരത്തില്‍ കേരളത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമായി വരുന്നുണ്ടെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റും സൂചിപ്പിക്കുന്നത്.

മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവ് എന്ന സ്ഥിതി നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ട്, എങ്കിലും അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വീണ്ടും രോഗവ്യാപനം വര്‍ധിക്കാം.

നവംബര്‍-ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ആള്‍കൂട്ടങ്ങളിലൂടെ അതിവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള നാല് സാഹചര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്:

1. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, 2. ശബരിമല തീര്‍ത്ഥാടനം, 3. ക്രിസ്തുമസ്സ്. 4. പുതുവര്‍ഷം. ശബരിമല തീര്‍ത്ഥാടനത്തിന്റെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റേയും നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇവ കൃത്യതയോടെ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതാണ്. ഇവക്കെല്ലാം പുറമേ, സംസ്ഥാന നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തില്‍, സമരങ്ങളടക്കമുള്ള ഏത് പരിപാടിയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മാത്രം സംഘടിപ്പിക്കാന്‍ ബഹുനസംഘടനകളും രാഷ്ടീയപാര്‍ട്ടികളും പ്രത്യേകം ശ്രദ്ധിക്കയും വേണം.

കൊവിഡ് കേരളത്തിലെത്തിയ 2020 ജനുവരിക്ക് ശേഷം എറ്റവും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുന്ന മാസങ്ങളിലൂടെയാണ് നാം കടന്ന് പോവുന്നതെന്ന ബോധ്യത്തോടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് കേരള ജനത ഒറ്റക്കെട്ടായി കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കേണ്ട സമയമാണിത്.

ഇവിടെ സൂചിപ്പിച്ച ആള്‍കൂട്ട സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.. നവംബര്‍-ഡിസംബര്‍-ജനുവരി മാസങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ നമുക്ക് സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ച് വരാന്‍ കഴിയുമെന്നും ബി. ഇക്ബാല്‍ ഫേസ്ബുക്കില്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Covid 19; If we can overcome the next three months, we will be back to normal: b. Iqbal

We use cookies to give you the best possible experience. Learn more