| Tuesday, 5th May 2020, 5:59 pm

തമിഴ്‌നാട്ടില്‍ ഒരാഴ്ചക്കിടെ 16,00ലേറെ കേസുകള്‍; രോഗവ്യാപനത്തിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമാകുന്നതെങ്ങനെ?

കവിത രേണുക

തമിഴ്‌നാട്ടില്‍ ഇതുവരെ 3550 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു. മാര്‍ച്ച് ഏഴിനാണ് ആദ്യത്തെ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ അവസാനം വരെ ആയിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒരാഴ്ചക്കിടയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 16,00ലധികം കേസുകള്‍.

തുടക്കം മുതലേ സമൂഹവ്യാപനത്തിന്റെ നിഴലിലുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. കൃത്യമായ പരിശോധനകള്‍ നടത്താത്തതും സാമൂഹ്യ അകലമടക്കം യാതൊരു സുരക്ഷാ മുന്‍കരുതലുകളും എടുക്കാതിരുന്നതും സമൂഹ വ്യാപന സാധ്യതയ്ക്ക് ആക്കം കൂട്ടി. ഔദ്യോഗിക കണക്കനുസരിച്ച് 31 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചതെങ്കിലും കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ചവരും നിരവധിയാണ്.

ഏറ്റവുമൊടുവില്‍ ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും ഉയരുന്ന കൊവിഡ് കേസുകളുടെ എണ്ണമാണ് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നത്.

തമിഴ്‌നാട്ടിലെ ഉയരുന്ന കണക്കും കോയമ്പേട് മാര്‍ക്കറ്റും തമ്മിലെന്താണ് ബന്ധം?

1996ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തിരക്കുപിടിച്ച മാര്‍ക്കറ്റാണ്. 295 ഏക്കറോളം പരന്നു കിടക്കുന്ന മാര്‍ക്കറ്റില്‍ 3000ത്തിലേറെ കടകളും 10,000ത്തിലേറെ കച്ചവടക്കാരുമുണ്ട്.

മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടും, മാര്‍ച്ച് അവസാനത്തോടു കൂടി രാജ്യം ലോക്ക് ഡൗണിലായിട്ടും കോയമ്പേടു മാര്‍ക്കറ്റില്‍ കച്ചവടം തകൃതിയായി നടന്നു. മാര്‍ക്കറ്റ് അടച്ചില്ല. ആരും സാമൂഹ്യ അകലം പാലിച്ചില്ല, എല്ലാം എല്ലാവരും തൊട്ടും തലോടിയും കടന്നുപോയി. സര്‍ക്കാരും മൗനം പാലിച്ചു.

ഏപ്രില്‍ 27നാണ് മാര്‍ക്കറ്റിലെ രണ്ടു കച്ചവടക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കോയമ്പേടില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നയാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തിച്ച ലോറി ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടക്കണമെന്നും കച്ചവടം മാറ്റണമെന്ന ആവശ്യവുമായി പൊലീസ് മാര്‍ക്കറ്റിലെത്തി. പക്ഷെ ഫലമുണ്ടായില്ല. ആരും തന്നെ മാറാനോ മാര്‍ക്കറ്റ് അടച്ചിടാനോ തയ്യാറായില്ല.

തൊട്ടടുത്ത ദിവസമാണ് കൂടുതല്‍ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങി തമിഴ്‌നാട്ടിലെ അമ്പത്തൂരില്‍ വില്‍പന നടത്തിയ കച്ചവടക്കാരനില്‍ നിന്നും പ്രദേശത്തെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നു.

അതിന് ശേഷം മാര്‍ക്കറ്റില്‍ നിന്നും ഉന്തു വണ്ടികളില്‍ പഴങ്ങളും പച്ചക്കറികളുമായി എത്തിയ കച്ചവടക്കാരില്‍ നിന്നും നഗരത്തിന്റെ പലഭാഗങ്ങളിലേക്ക് വൈറസ് പടരുകയായിരുന്നു.

പച്ചക്കറി വണ്ടിയിലെ തൊഴിലാളിയായ കടലൂരുകാരനും കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അഗ്നിശമന സേനാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയും കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.

കൊവിഡ് വ്യാപനം വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് മാര്‍ക്കറ്റ് മാറ്റാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ പച്ചക്കറികളുടെ വില്‍പന തിരുവള്ളൂര്‍ ജില്ലയിലെ തിരുമലിസൈ എന്ന സ്ഥലത്തേക്ക് മാറ്റി. പഴങ്ങളുടെയും പൂക്കളുടെയും വില്‍പന, മാധവപുരം ബസ് ടെര്‍മിനലിലേക്കും മാറ്റി.

തമിഴ്‌നാട്ടിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമായി. മാര്‍ക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

മെയ് മൂന്നാം തീയ്യതിയോടു കൂടി കോയമ്പേടിനെ ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചു. കോയമ്പേടു നിന്നും രോഗം പകര്‍ന്നവര്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കൂഡല്ലൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്.

ദക്ഷിണ ചെന്നൈയിലെ തിരുവണ്‍മിയൂര്‍ മാര്‍ക്കറ്റും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച തിരുവണ്‍മിയൂര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് മാര്‍ക്കറ്റ് അടച്ചത്.

ചുരുക്കി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഒരാഴ്ചയില്‍ തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളിലുണ്ടാക്കിയ വര്‍ധനവിന് ഒരു പ്രധാന കാരണമായി കോയമ്പേട് മാര്‍ക്കറ്റ് മാറുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 385 പേര്‍ക്കാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സാധാരണ ഗതിയില്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ കോയമ്പേട് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഒരു ദിവസം എത്തുമെന്നാണ് കണക്ക്. കോയമ്പേട് മാര്‍ക്കറ്റ് അടയ്ക്കുന്നതു വരെ ഏറിയും കുറഞ്ഞും മാര്‍ക്കറ്റില്‍ ആളുകള്‍ ഇതുപോലെ വന്നു പോയിരിക്കുമെന്നതും തീര്‍ച്ച.

കോയമ്പേടു മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതു മുതലിങ്ങോട്ട് ഉയര്‍ന്നു വന്ന തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളുടെ എണ്ണം ആരെയും ആശങ്കയിലാഴ്ത്തുന്നതാണ്. അയല്‍ സംസ്ഥാനമായ കേരളം കൊവിഡിനെ നിയന്ത്രണത്തിലാക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളുടെയും കെട്ട് പൊട്ടുകയാണോ തമിഴ്‌നാട്ടില്‍ എന്നത് ഒരു വലിയ ആശങ്കയായി അവശേഷിക്കുകയാണ്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് നിലവില്‍ തമിഴ്‌നാട്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ റിപ്പോര്‍ട്ടു ചെയ്തത് 527 പോസിറ്റീവ് കേസുകളാണ്. ഒരു തരത്തിലും കോയമ്പേട് മാര്‍ക്കറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നതു തന്നെയാണ് തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more