ചെന്നൈ: കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം നിക്ഷേപിക്കാനുള്ള പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കൊവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കാനാണ് തീരുമാനം. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍ ഈ തുക പലിശ സഹിതം പിന്‍വലിക്കാം.
കുട്ടികളുടെ പഠന ചിലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന് പുറമെ കൊവിഡില്‍ ഭര്‍ത്താവ് മരിച്ച യുവതികള്‍ക്കും ഭാര്യ മരിച്ച മക്കളുള്ള പുരുഷന്മാര്‍ക്കും 3 ലക്ഷം രൂപ നല്‍കാനും തീരുമാനമായി.
കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് കുട്ടിക്ക് 18 വയസ് ആവുന്നതുവരെ 3000രൂപ വീതം നല്‍കും.
നേരത്തെ കേരളവും സമാനമായ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു.കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ നല്‍കാനും ഇതിനു പുറമേ 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കാനുമാണ് തീരുമാനം.
ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.