ആരോഗ്യ പ്രവര്‍ത്തകരാണ്, മഹാമാരിക്കു മുന്നില്‍ നിന്ന് പൊരുതുന്നവരാണ്, ആട്ടിയോടിക്കരുത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യം ഇന്ന് നേരിടുന്ന മഹാദുരന്തത്തെ പ്രതിരോധിക്കാന്‍ ജീവന്‍ തന്നെ പണയം വെച്ച് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍.
എന്നാല്‍ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വിവിധങ്ങളായ സ്ഥലത്തുനിന്നുമുണ്ടാകുന്ന ആക്രമണങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കല്ലേറ്, കയ്യേറ്റം, ഒറ്റപ്പെടുത്തല്‍, താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കി വിടല്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തിന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ കടുത്ത സാമൂഹിക ബഹിഷ്‌കരണങ്ങളിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്. ലോകത്ത് പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്ത കൊവിഡ് 19 എന്ന മഹാമാരിയെ തടുക്കാന്‍ രാജ്യത്തിന് ഈ ഘട്ടത്തില്‍ വേണ്ടത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് എന്നിരിക്കെയാണ് ഇത്തരം വിവേചന പരവും മനുഷ്യത്വ രഹിതവുമായ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ജീവന്‍ രക്ഷോപാധികളുടെ ലഭ്യതക്കുറവ്, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, അതിവേഗം ടെസ്റ്റുകള്‍ നടത്താനുള്ള സാങ്കേതിക പ്രയാസം തുടങ്ങി നിരവധി തടസ്സങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. ഇതിനോടകം കൊവിഡ് രോഗികളുടെ പരിചരണത്തിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയേറ്റു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ കോണ്‍ടാക്റ്റ് കണ്ടെത്താന്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്‍ഡോറില്‍ കോണ്‍ടാക്റ്റ് ട്രെയിസിങ്ങ് നടത്തുകയാണെന്നും ജോലി പൂര്‍ത്തികരിച്ചേ മതിയാകൂ എന്നാണ് അക്രമത്തിന് ശേഷവും ഡോക്ടര്‍ സാക്കിയ സയ്യ്ദ് പ്രതികരിച്ചത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് ജോലി തുടരാതിരിക്കാനാകില്ലല്ലോ എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമാനമായ അനുഭവമാണ് സൂറത്തില്‍ നിന്നുളള ഡോക്ടറായ സഞ്ച്ബാനി പാനിഗ്രഹിയ്ക്കും പറയാനുള്ളത്. കൊവിഡ് വരുന്നത് വരെ കാര്യങ്ങളെല്ലാം സുഗമമായിരുന്നു. അയല്‍ക്കാരുമായൊക്കെ നല്ല ബന്ധം. അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞാനവരെ സഹായിച്ചു. പക്ഷേ കൊവിഡിന് ശേഷം ജോലി കഴിഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങിയ എന്നെ അയല്‍ക്കാര്‍ ഗേറ്റിന് പുറത്ത് തടഞ്ഞു. അവിടെ താമസിച്ചു കൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നോട് ഏറ്റവും സ്‌നേഹമായി പെരുമാറിയ ആളുകളാണ് പെട്ടെന്നൊരു ദിവസം ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ആളുകള്‍ക്ക് ഭയമുണ്ട് എന്നത് എനിക്കറിയാം പക്ഷേ ഇത് പെട്ടെന്നൊരു ദിവസം ഞാന്‍ ഒറ്റപ്പെട്ടു പോയതു പോലെയാണ് അനുഭവപ്പെട്ടത്.

ഇത്തരത്തില്‍ നിരവധി തിക്ത അനുഭവങ്ങളാണ് രാജ്യത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ അനുഭവിക്കുന്നത്.
താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന സംഭവങ്ങളുടെ അനേകം റിപ്പോര്‍ട്ടുകളാണ് ഈ ദിവസങ്ങളില്‍ പുറത്തു വന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും, നഴ്‌സുമാരും ഇത്തരം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. തെലങ്കാനയിലൈ എം.ജി.എം ഹോസ്പിറ്റലിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് ഡോക്ടര്‍മാര്‍ തങ്ങളുടെ വീടുകളില്‍ താമസിക്കുന്നത് കൊവിഡ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ ഇവിടെ താമസിക്കാന്‍ സാധിക്കില്ലെന്ന് കെട്ടിട ഉടമ പറഞ്ഞുവെന്നാണ്.

തങ്ങളുടെ ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഐസൊലേഷന്‍ വാര്‍ഡുകളാക്കിയെന്നും അവധിയോ സ്‌റ്റൈപ്പന്‍ഡോ പോലുമില്ലാതെ തൊഴിലില്‍ ഏര്‍പ്പെടുന്ന തങ്ങള്‍ക്ക് കടുത്ത വിവേചനം കൂടി നേരിടേണ്ടി വരുന്നത് അനീതിയാണെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. പാത്രം കൊട്ടിയും കൈയ്യടിച്ചും തങ്ങളോട് കാണിച്ച സ്‌നേഹം പെട്ടെന്ന് എവിടെപ്പോയെന്നാണ് എം.ജി.എം ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇതിനു സമാനമായി കേരളത്തിലെ ഒരു സ്വാകാര്യ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നഴ്‌സിനോട് ഇവിടെ താമസിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ഡന്‍ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ഡോക്ടര്‍മാരെ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് വ്യാപകമായി ഇറക്കിവിടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന് സഹായം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഡോക്ടര്‍മാര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കിവിട്ടതോടെ എങ്ങോട്ട് പോകുമെന്ന് അറിയാതെ നില്‍ക്കുകയാണ് എന്നാണ് കത്തില്‍ പറയുന്നത്.

ഡോക്ടര്‍മാരുടെ സുരക്ഷയുടെ കാര്യത്തിലും വന്‍ ഭീഷണികളാണ് നിത്യേന ഉയരുന്നത്. പി.പി.ഇ കിറ്റുകളുടെ ലഭ്യതക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ രോഗികളില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ട അവസ്ഥയും ഡോക്ടര്‍മാര്‍ക്കുണ്ടാകുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് ഹൈദരാബാദിലെ ഒരു ഡോക്ടറെ കൊവിഡ് പേഷ്യന്റ് ഐസൊലേഷന്‍ വാര്‍ഡിനുള്ളില്‍ വച്ച് കയ്യേറ്റം ചെയ്തിരുന്നു. സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചതിലെ അമര്‍ഷത്തെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.

അതിക്രമ സംഭവങ്ങള്‍ കൂടിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫിനും നേരെ അക്രമം നടക്കുന്നുണ്ടെന്നും ഒരു മഹാമാരിയെ രാജ്യം നേരിടുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന പ്രതികരണവുമായി കേന്ദ്ര മന്ത്രി കിഷാന്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു.

മാസ്‌കുകളുടെയും സംരക്ഷണ കിറ്റുകളുടെയും അഭാവം തങ്ങളെയും രോഗികളാക്കും എന്ന ഭയത്തില്‍ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ ആയിരകണക്കിന് ഡോക്ടര്‍മാര്‍. ഇതിനോടകം ഡോക്ടര്‍മാര്‍ക്കും ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. കൊല്‍ക്കത്തയിലെ പ്രധാന കൊവിഡ് വൈറസ് ചികിത്സാ കേന്ദ്രമായ ബെലെഘട്ടയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത് പ്ലാസ്റ്റിക്ക് റെയിന്‍ കോട്ട് ധരിച്ചാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവര്‍ക്ക് നേരെ സാമൂഹിക വിവേചനം കൂടി ഉണ്ടാകുന്നത് പ്രാകൃത സമൂഹത്തിന്റെ രീതിയാണ്. ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായേക്കാം എന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഈ മഹാമാരിയില്‍ നിന്ന് രാജ്യത്തെ കരകയറ്റണ്ട ആരോഗ്യ പ്രവര്‍ത്തകരോടാണ് സമൂഹം മുഖം തിരിച്ച് നില്‍ക്കുന്നത്.