ന്യൂദല്‍ഹി: കനത്ത സുരക്ഷയോടെ മാത്രമേ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പാടുള്ളു എന്ന നിര്‍ദേശം നിലനില്‍ക്കേ വ്യക്തി സുരക്ഷാ കിറ്റുകളുടെ അഭാവം ചൂണ്ടിക്കാട്ടി ദല്‍ഹി ഐ.ടി.ഒ ശ്മശാനത്തിലെ സൂപ്പര്‍വൈസര്‍.
കൊവിഡ് ബാധിച്ച് മരിച്ച 112 പേരുടെ മൃതദേഹങ്ങളും കൊവിഡുണ്ടെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങളും സംസ്‌കരിച്ച തനിക്ക് ആവശ്യമായ പിപിഇ കിറ്റുകളും ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമായില്ലെന്നാണ് ഐ.ടി.ഒയിലെ സൂപ്പര്‍വൈസര്‍ ആയ മുഹമ്മദ് ഷമീം പറയുന്നത്.
‘ദല്‍ഹി പൊലീസ്, ഡോക്ടര്‍മാര്‍, തൂപ്പുകാര്‍, തുടങ്ങിയവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം ശരിയായിട്ടില്ല. ഞാന്‍ നിരന്തരം കൊറോണയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍് ഏര്‍പ്പെടുത്തിയതു മുതല്‍ ഒരു ദിവസം പോലും ഞാന്‍ ലീവ് എടുത്തിട്ടില്ല,’ ഷമീം പറയുന്നു.
112 കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും എന്നിട്ടും ആവശ്യമായ പി.പി.ഇ കിറ്റുകള്‍ പോലും തനിക്ക് ലഭിക്കുന്നില്ലെന്നും ഷമീം പറയുന്നു.
‘112 കൊവിഡ് ബാധിതരുടെയും കൊവിഡ് ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്നവരുടെയും മൃതദേഹങ്ങള്‍ ഞാന്‍ അടക്കം ചെയ്തിട്ടുണ്ട്്. പക്ഷെ എനിക്ക് ഇതുവരെ ലഭിച്ചത് വെറും 4-5 പി.പി.ഇ കിറ്റുകള്‍ മാത്രമാണ്. ആരോഗ്യ വകുപ്പിനോട് പിപിഇ കിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെ ആവശ്യമായത് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് അവര്‍ പറയുന്നത്.,’ മുഹമ്മദ് ഷമീം പറയുന്നു.
ഒരു ദിവസം പോലും വീട്ടില്‍ പോകാതെയാണ് ജോലിചെയ്തു കൊണ്ടിരിക്കുന്നത്. ആരുംതന്നെ ഇങ്ങോട്ട് വരാനും കൂട്ടാക്കുന്നില്ലെന്നും ഷമീം വ്യക്തമാക്കി. ഷമീം ഉള്‍പ്പെടുന്ന സമിതിയോട് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലോക്ക ഡൗണ്‍ കഴിയുന്ന വരെ ഇങ്ങനെ തന്നെ തുടരണമെന്നാണ് അവര്‍ പറയുന്നതെന്നും ഷമീം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷമീം ഇക്കാര്യങ്ങളൊന്നും തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ശ്മശാനത്തിന്റെ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഫയാസ് പറഞ്ഞത്.
”അദ്ദേഹം ഞങ്ങളോട് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഞാന്‍ ആണ് കമ്മിറ്റിയുടെ സെക്രട്ടറി. അദ്ദേഹം മറ്റാരോടെങ്കലുമായിരിക്കും പരാതിപ്പെട്ടിരിക്കുക,’ ഫയാസ് പറഞ്ഞു.
ദല്‍ഹിയിലെ ഐടിഒ ശ്മശാനത്തിലാണ് ഭൂരിഭാഗം കൊവിഡ് രോഗികളുടെ മൃതദേഹങ്ങളും സംസ്‌കരിച്ചത്. അതിനായി പ്രത്യേകം സ്ഥലവും ശ്മശാനം വിട്ടു നല്‍കിയിരുന്നു.
ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച 123 പേരില്‍ 112 പേരുടെ മൃതദേഹങ്ങളും അടക്കം ചെയ്തിരിക്കുന്നത് ഐ.ടി.ഒ ശ്മശാനത്തിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക