റോം: ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്ത് കോവിഡ് ബാധയില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്.
സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇറ്റലിയിലെ മരണനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഇറ്റലിയില്‍ 133 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മൊത്തം മരണ നിരക്ക് 366 ആയി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറസ് പടര്‍ന്നു പിടിച്ച ഇറ്റലിയിലെ സമ്പന്ന പ്രദേശമായ ലോമ്പാര്‍ഡിയിലാണ് മരണ നിരക്ക് ഉയരുന്നത്.
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് കോവിഡ് പടര്‍ന്നു പിടിച്ചവരുടെ എണ്ണം 1,492ല്‍ നിന്ന് 7,375 ആയി ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ 7,313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്.
ഇറ്റലിയില്‍ വൈറസ് ബാധയെ നിയന്ത്രിക്കുന്നതിനായി 2 കോടി മാസ്‌കുകള്‍ വാങ്ങിക്കുന്നുണ്ടെന്നും സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി തലവന്‍ ഏഞ്ചലോ ബോറെലി പറഞ്ഞു.
കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം ഒന്നരക്കോടിയോളം വരുന്ന ഇറ്റലിക്കാര്‍ ബുദ്ധിമുട്ടിലാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വടക്കന്‍ പ്രദേശത്തെ പല സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.
മാലിദ്വീപ്, മോള്‍ഡോവ, അര്‍ജന്റീന എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത് ആകെ 100 രാജ്യങ്ങളില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ഖത്തറില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.