കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞുവീരാന് രോഗം പകര്‍ന്നത് ആലുവ മാര്‍ക്കറ്റില്‍ നിന്നെന്ന് സംശയം; ബന്ധുക്കളടക്കം 13 പേര്‍ക്കും രോഗബാധ
Kerala News
കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞുവീരാന് രോഗം പകര്‍ന്നത് ആലുവ മാര്‍ക്കറ്റില്‍ നിന്നെന്ന് സംശയം; ബന്ധുക്കളടക്കം 13 പേര്‍ക്കും രോഗബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th July 2020, 9:55 am

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച എറണാകുളം ആലുവ സ്വദേശി കുഞ്ഞു വീരാന് രോഗം ബാധിച്ചത് ആലുവ, മരട് മാര്‍ക്കറ്റുകളില്‍ നിന്നാണെന്ന് സംശയം. കര്‍ഷകനായ ഇദ്ദേഹം ഉത്പന്നങ്ങള്‍ വില്‍ക്കാനായി ഈ മാര്‍ക്കറ്റുകളില്‍ പോകാറുണ്ടായിരുന്നെന്നാണ് വിവരം.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 67 കാരനായ ഇദ്ദേഹം എട്ട് ദിവസം മുമ്പാണ് കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അന്ന് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പിയും നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 40 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടുകയായിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ