ലണ്ടന്‍: അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍. കൊവിഡ് ആരംഭിച്ചത് മുതലുള്ള ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാപനം ഏറ്റവും കൂടിയ തോതിലാണെന്നും അദ്ദേഹം അറിയിച്ചു.
‘മഹാമാരി പടരാന്‍ തുടങ്ങിയത് മുതലുള്ള ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലാണ് നമ്മുടെ ആശുപത്രികള്‍. അതേസമയം രോഗബാധ ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുകയുമാണ്.
വാക്‌സിന്‍ വിതരണം ആരംഭിച്ചത് നമുക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷെ നമ്മള്‍ വീടുകളില്‍ തന്നെ കഴിയേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ പൊതു ആരോഗ്യസംവിധാനത്തെ സംരക്ഷിച്ച് നമുക്ക് ജീവനുകള്‍ രക്ഷിക്കാം,’ ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മാത്രം 1325 കൊവിഡ് മരണങ്ങളാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്. കൊവിഡ് ബാധിച്ച് 79,833 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
വെള്ളിയാഴ്ച 68,053 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടു കൂടി ബ്രിട്ടണില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു.
നിലവില്‍ ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ വകഭേദം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് കൂടി പകരുന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബ്രിട്ടണില്‍ കഴിഞ്ഞ ആഴ്ച വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളെല്ലാം അടച്ചു. ആളുകളോട് വീടുകളില്‍ തന്നെ കഴിയാനുള്ള കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരി പകുതി വരെയെങ്കിലും ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Covid 19 at the highest rate in Britain, Boris Johnson asks people to stay at home