| Wednesday, 1st April 2020, 7:37 pm

കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹകരിക്കണമെന്നും 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അമ്മ അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹന്‍ലാല്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സംഘടന സഹായമെത്തിക്കുമെന്ന് താരം അറിയിച്ചു.

ശബ്ദ സന്ദേശത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ അമ്മ അംഗങ്ങളെ തീരുമാനം അറിയിച്ചത്. അംഗങ്ങളുടെ വിശേഷങ്ങള്‍ തിരക്കുന്നതോടൊപ്പം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹകരിക്കണമെന്നും മോഹന്‍ലാല്‍ ശബ്ദ സന്ദേശത്തില്‍ അവശ്യപ്പെട്ടു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അംഗങ്ങള്‍ സ്വയം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി സഹായിക്കാന്‍ സംഘടന തെയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ താരസംഘടന നല്‍കി വരുന്ന ‘കൈനീട്ടം പദ്ധതിക്ക് പുറമെയാണിത്. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്.

നേരത്തെ ചിത്രീകരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വരുമാനം നിലച്ച ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ ഫെഫ്ക്ക വഴി മോഹന്‍ലാല്‍ നല്‍കിയിരുന്നു. നടി മഞ്ജു വാര്യര്‍ 5 ലക്ഷം രുപയും ഫെഫ്ക്കയ്ക്ക് നല്‍കിയിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more