| Tuesday, 10th November 2020, 5:51 pm

'കൊവിഡല്ലേ അതങ്ങ് വന്നുപോകില്ലേ' ഈ ചിന്ത നിങ്ങളെ അപകടത്തിലാക്കിയേക്കാം; കരുതാം പോസ്റ്റ് കൊവിഡ് അസുഖങ്ങളെ

ആര്യ. പി

കൊവിഡിനൊപ്പമുള്ള മലയാളികളുടെ ജീവിതം തുടങ്ങിയിട്ട് 10 മാസം പിന്നിടുന്നു. തുടക്കത്തിലുണ്ടായിരുന്ന ജാഗ്രതയെല്ലാം ആളുകള്‍ക്ക് കൈമോശം വന്നുകഴിഞ്ഞു. കൊവിഡല്ലേ അത് വന്നുപോകും എന്ന തരത്തിലാണ് ഇപ്പോള്‍ കൊവിഡിനോടുള്ള പലരുടേയും സമീപനം.

എന്നാല്‍ അങ്ങനെ വെറുതെ വന്നുപോകുന്ന ഒരു രോഗമല്ല കൊവിഡ് എന്നാണ് ഇതുവരെയുള്ള വിവിധ പഠനങ്ങള്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്. ദശലക്ഷക്കണക്കിന് പേരെ ബാധിച്ചുകഴിഞ്ഞ ഒരു രോഗമായതിനാല്‍ തന്നെ ഏറെ പരിഗണന നല്‍കേണ്ട വിഷയം തന്നെയാണ് കൊവിഡ് എന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടു കഴിഞ്ഞു.

കൊവിഡിനെ നമ്മള്‍ ജയിച്ചുകഴിഞ്ഞാല്‍ പോലും ഒരുപക്ഷേ ലോകം നേരിടേണ്ടി വരുന്ന അടുത്ത ഒരു വെല്ലുവിളി പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അഥവാ കൊവിഡിന് ശേഷം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ആവാമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

സാര്‍സ് ഉള്‍പ്പെടെ പല വൈറല്‍ രോഗങ്ങളും ഉയര്‍ത്തുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അസുഖം ഭേദമായ ശേഷവും ദീര്‍ഘകാലത്തേക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരുന്നത്. കൊവിഡ് 19 ന്റെ കാര്യത്തിലും രോഗം പൂര്‍ണമായും ഭേദമായവരില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പോസ്റ്റ് കൊവിഡ് 19 സിന്‍ഡ്രോം എന്ന പേരില്‍ ലോകമെമ്പാടും ഈ ഭീഷണിയേക്കുറിച്ച് ഗൗരവകരമായ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. എന്നാല്‍ കൊവിഡ് മുക്തരായ എല്ലാവര്‍ക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കൊവിഡ് സമയത്ത് അനുഭവിച്ചതിലേറെ പ്രയാസങ്ങളാണ് അസുഖം ഭേദമായശേഷം അനുഭവപ്പെടുന്നതെന്നാണ് കൊവിഡ് വന്ന് പോയ നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

തളര്‍ച്ചയും ഉറക്കക്കുറവും മറ്റു ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഇത്തരത്തില്‍ അലട്ടുന്നുണ്ടെന്നാണ് പലരും പറയുന്നത്. ലോകമെമ്പാടുമായി ഇത്തരത്തില്‍ കൊവിഡ് 19 നു ശേഷം ആരോഗ്യം വീണ്ടെടുക്കാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെപ്പേരുണ്ട്.

‘കൊവിഡ് അല്ലെ.. പേടിക്കേണ്ട.. അത് പനി വന്ന് പോകുന്ന പോലെയാണ്. കാര്യമാക്കേണ്ട…’കൊവിഡ് പോസിറ്റീവ് ആയ സമയത്ത് ആശ്വസിപ്പിക്കാന്‍ വേണ്ടിയും അല്ലാതെയും ഒരുപാട് പേര്‍ എന്നോട് പറഞ്ഞ വാക്കുകളാണ് ഇത്. ഒരു ആശ്വാസ വചനം എന്ന നിലയിലാണ് ഞാന്‍ ആ വാക്കുകളെ കേട്ടതും. പക്ഷെ ഇപ്പോള്‍ എവിടെയും കേള്‍ക്കുന്നത് ഈ വാക്കുകളാണ്. അതുകൊണ്ട് മാത്രമാണ് എഴുതുന്നത്. നിങ്ങള്‍ നിസാരമാക്കുന്ന പോലെയല്ല. കൊവിഡിനെ പേടിക്കണം. കാര്യമാക്കുകയും വേണം.

അനുഭവമാണ് ഗുരു. അത് പനി വന്ന് പോകുന്ന പോലെ അങ്ങനെ പോകുന്നില്ല. അവന്‍ പോകുന്ന കൂട്ടത്തില്‍ നമ്മുടെ ഊര്‍ജ്ജമെല്ലാം കവര്‍ന്ന് എടുക്കുന്നുണ്ട്. എനിക്ക് നെഗറ്റീവായി രണ്ട് ആഴ്ചയില്‍ അധികമായി. അസഹനീയമായ ശരീര വേദനയും വിട്ട് മാറാത്ത ക്ഷീണവുമാണ് ഇപ്പോഴും.

ആയാസം കൂടിയ ജോലികള്‍ ചെയ്യുന്നതിന് ഇപ്പോഴും പ്രയാസം അനുഭവപ്പെടുന്നുണ്ട്. നെഗറ്റീവ് ആയ ശേഷവും മൂന്നില്‍ അധികം തവണയാണ് ആശുപത്രിയില്‍ പോകേണ്ടി വന്നത്. അതുകൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്. കൊവിഡിനെ പേടിക്കണം. അവന്‍ വന്ന പോലെ പോകില്ല. നിങ്ങളെയും കൊണ്ടേ പോകൂ. വെറും വാക്ക് പറയുന്നവരുടെ വാക്കുകള്‍ കേട്ട് ജാഗ്രത കൈവിടാതെ ഇരിക്കൂ’ എന്നാണ് മാധ്യമപ്രവര്‍ത്തകനായ അഷ്‌കര്‍ അലി എം.എ കരിമ്പ ഫേസ്ബുക്കില്‍ എഴുതിയത്.

എന്താണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം

പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് വൈറസ് ശ്വാസകോശത്തെ ബാധിച്ചവരില്‍ സ്‌കാറിങ് ഉണ്ടാവുന്നതായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു എന്നുമാണ്.

നാഡീവ്യൂഹം, ഹൃദയധമനീവ്യൂഹം, വൃക്ക, ദഹനേന്ദ്രിയവ്യൂഹം എന്നിങ്ങനെ ഒട്ടുമിക്ക ശരീരവ്യൂഹങ്ങളെയും വൈറസ് ബാധിച്ച് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.

പോസ്റ്റ് കോവിഡ് രോഗികളില്‍ കാണപ്പെടുന്ന രോഗാവസ്ഥകളും ചികിത്സയും

പോസ്റ്റ് കോവിഡ് രോഗികളില്‍ കാണപ്പെടുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും, ഹൃദയസംബന്ധമായ രോഗങ്ങളും വൃക്ക, കിഡ്നി-മസ്തിഷ്‌കം, കുടല്‍, ത്വക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ടുമാണ്.

ശ്വാസ കോശം ചുരുങ്ങല്‍, ദഹന സംബന്ധമായാ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, പ്രമേഹം, മണവും രുചിയുമറിയാത്ത അവസ്ഥ, ത്വക്ക് രോഗങ്ങള്‍ എന്നിവയുമുണ്ടാകാം.

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍

വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന, സന്ധിവേദന, സ്ഥിരമായ വരണ്ട ചുമ, തലവേദന, മുടികൊഴിച്ചില്‍, വിശപ്പില്ലായ്മ, കിതപ്പ്, ഉറക്കക്കുറവും, ഉറക്കത്തിലെ താളം തെറ്റലും, താല്‍ക്കാലികമായി ഉണ്ടാകുന്ന മറവി, സങ്കടം, പേടി, വിഷാദരോഗം എന്നിവയാണ്.

കൊവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധാരാളം വെള്ളം കുടിക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക
പുകവലി, മദ്യപാനം, തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക
ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക
ശ്വസനശേഷി വര്‍ദ്ധിപ്പിക്കുന്ന ശാസ്ത്രീയമായ വ്യായാമങ്ങള്‍ ചെയ്യുക
ചെറിയ വ്യായാമങ്ങള്‍ ചെയ്യുക

പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം വളരെ ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ എസ്.എസ് സന്തോഷ് കുമാര്‍ പറയുന്നത്. ‘ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങള്‍ക്ക് രോഗശേഷമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ അവയൊന്നും ജീവനെ ഹാനികരമായി ബാധിക്കുന്നവയല്ല. എന്നാല്‍ കൊവിഡ് അങ്ങനെയെല്ല, രക്തക്കുഴലുകളില്‍ ചെറിയ തോതില്‍ രക്തം കട്ടപിടിക്കാന്‍ കൊറോണ വൈറസുകള്‍ കാരണമാകുന്നുണ്ട്. വളരെ ചെറിയ തരികളാണ് രൂപം കൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളാണെങ്കില്‍ ഹൃദയാഘാതത്തിനും കാരണമാകും. ശ്വാസകോശം വൃക്ക, കരള്‍ പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളെല്ലാം ഈ തരത്തില്‍ അപകടത്തിലാക്കാം. രക്തക്കുഴലുകളില്‍ അടിയുന്ന തരികള്‍ എത്രത്തോളമുണ്ടെന്നതും അത് എത്രനാള്‍ നിലനില്‍ക്കുന്നുവെന്നതും രോഗതീവ്രത നിശ്ചിക്കുന്ന ഘടകങ്ങളാണ്. കൊറോണ വൈറസ് ശരീരത്തില്‍ നിന്ന് പോയാലും ഈ പ്രശ്നങ്ങള്‍ നിലനിന്നെന്നു വരാം.’ അദ്ദേഹം മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണീത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും റഫറല്‍ ക്‌ളിനിക്കുകളും പ്രവര്‍ത്തിക്കും.

കൊവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസാരവല്‍ക്കരിക്കാന്‍ ആരും തയാറാകരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കൊവിഡ് വന്ന് പോകുന്നത് നല്ലതല്ല. രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്. കൊവിഡ് മുക്തരായാലും അവശത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗം ബാധിച്ചാല്‍ പത്ത് ദിവസത്തിനപ്പുറം വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കില്ല. എങ്കിലും ടെസ്റ്റ് നെഗറ്റീവായതിന് ശേഷം മാത്രമാണ് നമ്മള്‍ കൊവിഡ് മുക്തി അംഗീകരിക്കുന്നത്. അത്തരത്തില്‍ നെഗറ്റീവായവരുടെ ശരീരത്തില്‍ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാന്‍ സാധ്യതയുണ്ട്.ശ്വാസകോശം, വൃക്ക തുടങ്ങിയവയില്‍ വ്യതിയാനം മാറാന്‍ സമയമെടുക്കും. അവര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു.

ഒരു ശതമാനം പേരില്‍ ഈ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കാണുന്നു. ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റീന്‍ തുടരാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം. അവശത നീണ്ടുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരുടെ സേവനം തേടണം.

ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള രോഗമുള്ളവര്‍ കൊവിഡിന് ശേഷം രോഗം മോശമാവാതിരിക്കാന്‍ കരുതല്‍ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനത്തിന് പോകാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കേരളത്തില്‍ പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ ഒരുപാടൊന്നും കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നാണ് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടറായ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നത്. അതിന്റെ ഒരു കാരണം, ഇവിടെ വലിയ തോതില്‍ വയോജനങ്ങളെയും മറ്റും കോവിഡ് ബാധിച്ചിട്ടില്ല എന്നതാകാം.

പിന്നെ, കേരളത്തില്‍ കഴിയുന്നത്ര നേരത്തേ കൊവിഡ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കാറുണ്ട്. രോഗം വളരെ ഗുരുതരമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറവാണ്. മാത്രമല്ല പൂര്‍ണമായും രോഗം മാറിയശേഷമാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതെന്നും 14 ദിവസം കഴിയുമ്പോള്‍ ഒരു ഫോളോ അപും നടത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.

രണ്ടാഴ്ച കഴിഞ്ഞുള്ള ഫോളോ അപ് കൂടാതെ മൂന്നു മാസം കൂടുമ്പോള്‍ ഇ.സി.ജി, ശ്വാസകോശ ശേഷി പരിശോധന, എക്കോ, മറ്റ് പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചുരുക്കമായെങ്കിലും ചില പരിശോധനകളും നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

മൂന്നുമാസം കൂടുമ്പോഴുള്ള ഫോളോ അപ് പ്രായോഗികമല്ലാത്തവരില്‍ ആദ്യ മൂന്നു മാസം കഴിഞ്ഞ് പിന്നെ ആറു മാസം എന്നരീതിയില്‍ രണ്ടു മൂന്നു വര്‍ഷത്തേക്കെങ്കിലും ഫോളോ അപും പഠനങ്ങളും നടത്തേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ മഹാഭൂരിപക്ഷവും അതീവ ഗൗരവതരമായവയല്ല. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ ഗൗരവമായി തന്നെ സമീപിക്കേണ്ടി വരികയും മികച്ച ചികിത്സ തേടുകയും വേണമെന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. സുരേഷ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: covid 19 and post covid disease syndrome

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more