| Friday, 12th June 2020, 10:58 am

എല്ലാം തകര്‍ന്നിരിക്കുമ്പോഴും ചൈനീസ് വാഹനവിപണി കുതിച്ചുയരുന്നു: പ്രധാന അഞ്ച് കാരണങ്ങള്‍ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡും ലോക്ക്ഡൗണും ഒന്നും ചൈനയുടെ വാഹനവിപണിയെ തകര്‍ക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2018ലെയും 2019ലെയും നഷ്ടം നികത്തുന്ന രീതിയിലായിരിക്കും ഇനിയുള്ള ചൈനീസ് വാഹനവ്യവസായത്തിന്റെ വളര്‍ച്ചയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ലോകരാഷ്ട്രങ്ങളുടെയും വാഹനവിപണി നിശ്ചലമായിരിക്കുന്ന ഈ സമയത്ത് പോലും ചൈന മുന്നേറ്റമുണ്ടാക്കുന്നതിന് അഞ്ച് കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

5 കൊവിഡ് കേസുകള്‍ കുറയുന്നു

കൊവിഡ് കേസുകള്‍ വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ് ചൈനയില്‍. ലോകത്ത് ആദ്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചൈന ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ 18ാം സ്ഥാനത്താണ്. ഡിസംബര്‍ മുതല്‍ നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങളിലൂടെയും പ്രതിരോധമാര്‍ഗങ്ങളിലൂടെയുമാണ് ചൈന കൊവിഡിനെ ഇത്തരത്തില്‍ പിടിച്ചുകെട്ടിയത്. ഇതോടെ ജനജീവിതം ഒരു പരിധി വരെയെങ്കിലും സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചൈനക്കായി. ഇത് തീര്‍ച്ചയായും അവിടുത്തെ മാര്‍ക്കറ്റിനെയും വാഹനവിപണിയെയും കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

4 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു

കൊവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെയക്കമുള്ള ഫാക്ടറികള്‍ ഇപ്പോള്‍ ഏതാണ്ട് സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 11 ന് ഹോണ്ട മോട്ടോര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വുഹാനില്‍ തങ്ങള്‍ ഭാഗികമായി ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി അറിയിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ലോക്കഡൗണിനെക്കുറിച്ചുള്ള ചിന്തകളിലേക്ക് പോലും എത്തിയിരുന്നില്ല. പിന്നീട് ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും ജനജീവിതം പരിപൂര്‍ണ്ണമായും നിശ്ചലമാക്കിയ ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സമയപ്പോഴേക്കും ചൈനീസ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി സാധാരണനിലയിലേക്ക് ചുവടുവെച്ചിരുന്നു.

3 ലളിതമായ സാമ്പത്തിക ഇടപാടുകള്‍

വളരെ ലളിതമായ പേയ്‌മെന്റ് നടപടികളും മറ്റു സാമ്പത്തിക നടപടികളുമാണ് വിപണിയെ പിടിച്ചുനിര്‍ത്തിയതിലെ മറ്റൊരു കാരണം. തവണകളായി പണം അടച്ച് വാഹനങ്ങള്‍ വാങ്ങുന്ന സ്‌കീമുകളുടെ കാലാവധി വാഹകമ്പനികള്‍ ദീര്‍ഘിപ്പിച്ചിരുന്നു. പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുന്നവര്‍ക്ക് പലയിടങ്ങളിലും പ്രത്യേകം ക്യാഷ് ഇന്‍സെന്റീവ്‌സ് അടക്കമുള്ള പാരിതോഷികങ്ങളും നല്‍കിയിരുന്നു. ഈ നടപടികള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കിയിരിക്കുകയാണ്. മെയ് അവസാനത്തോടെ മാത്രമാണ് ഇന്ത്യയിലെ വാഹനനിര്‍മ്മാതാക്കള്‍ സ്‌കീമുകളും ഓഫറുകളും പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. അമേരിക്കയില്‍ ഡീലര്‍മാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതോടെ എസ് യു വികള്‍ നടുക്കടലിലായ വാര്‍ത്തകളും പുറത്തുവന്നിരുന്നു. പിന്നീടാണ് ഇവിടെയും ഇളവുകളും മറ്റും എത്തിയത്.

2 പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുന്നു

കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കി സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്നതും വാഹനവിപണിയെ സഹായിക്കുന്നുണ്ട്. മെട്രോ പ്രധാന ഗതാഗത മാര്‍ഗമായിരുന്ന ബെയ്ജിംഗിലും ഷാങ്ഹായിലുമെല്ലാം കൊവിഡ് വ്യാപനത്തിന് ശേഷം വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ മെട്രോയെ ആശ്രയിക്കുന്നത്. ചൈനയുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളിലേക്ക് തിരിയുന്നത് വാഹനവിപണിയില്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

1 വാഹനവിപണിക്കായി സര്‍ക്കാര്‍ സഹായം

വാഹനവിപണിക്ക് വേണ്ടി പ്രത്യേകമായി പല സാമ്പത്തിക പാക്കേജുകളും ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2015ല്‍ നാല് വര്‍ഷത്തേക്കായി ആരംഭിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള റിബേറ്റ് സ്‌കീമുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത് വാഹനനിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും വാഹനവിപണിയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുവരുമെന്ന് തന്നെയാണ് കരുതുന്നത്. പക്ഷെ ഇതുവരെയുള്ള കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ ചൈന മറ്റെല്ലാവരെയും കടത്തിവെട്ടിയേക്കും എന്നുതന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2018ലും 2019ലും പിന്നിലേക്ക് പോയ ചൈനീസ് വാഹനവിപണി കൊവിഡിന് ശേഷം 2020ല്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

2019 മെയ് മാസത്തിനേക്കാള്‍ 14.5 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം മെയില്‍ വിപണിയിലുണ്ടായത്. 2.19 മില്യണ്‍ വാഹനങ്ങളാണ് ചൈനയില്‍ മെയ് മാസത്തില്‍ മാത്രം വിറ്റഴിച്ചത്. ഇന്ത്യയും ബ്രിട്ടണും അമേരിക്കയുമെല്ലാം ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് ചൈനീസ് വാഹനവിപണി വന്‍ കുതിച്ചുച്ചാട്ടമാണ് ലക്ഷ്യം വെക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more