കൊവിഡ് 19; 39 പേര്‍ക്ക് പുതുതായി രോഗ ബാധ; നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണ്ടേി വരും; പേര് വിവരങ്ങള്‍ പുറത്ത് വിടേണ്ടി വരുമെന്നും മുഖ്യമന്ത്രി
COVID-19
കൊവിഡ് 19; 39 പേര്‍ക്ക് പുതുതായി രോഗ ബാധ; നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണ്ടേി വരും; പേര് വിവരങ്ങള്‍ പുറത്ത് വിടേണ്ടി വരുമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2020, 6:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധയുടെ ആശങ്ക വര്‍ധിപ്പിച്ച് ഇന്ന് 39 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 164 പേരാണ് ഇന്ന് കേരളത്തില്‍ ആകെ കൊവിഡ് ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും, തൃശ്ശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 110299 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 109683 പേര്‍ വീടുകളില്‍ കഴിയുകയാണ്. 616 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. 112 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി.

ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിലവില്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണ്ടേി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. ഏത് സ്ഥിതിയും നേരിടാന്‍ നമ്മള്‍ തയ്യാറാകണം. പോസ്റ്റീവ് വരുന്നവര്‍ ഏല്ലാവരും ആശുപത്രിയില്‍ പോകുകയല്ല. നിരീക്ഷണത്തില്‍ വെയ്ക്കുകയും അവിടെ നിന്ന് സാമ്പിളുകള്‍ അയക്കുകയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി വന്ന രോഗികള്‍ പലരും നിരവധി ആളുകളെ ബന്ധപ്പെടുകയും വിവിധ സ്ഥലങ്ങളില്‍ പോകുകയും ചെയ്തതായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തണ്ടതല്ലെ എന്നാണ് കരുതുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച രോഗി കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ യാത്ര ചെയ്തിട്ടുണ്ട്. നിയമസഭയും സെക്രട്ടറിയേറ്റുമടക്കം നിരവധി സ്ഥലങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സഞ്ചരിച്ച സ്ഥലങ്ങളില്‍ എല്ലാം ചിത്രങ്ങള്‍ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നാണ് ഇത്തരം ഗുരുതരമായ വീഴ്ചയെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

കൊറോണ ഏറെയൊന്നും അകലെയല്ല. ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തം നിലയില്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.