തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 236000 പേരുടെ സന്നദ്ധ സേന തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മെബൈല്‍ റീച്ചാര്‍ജ് ചെയ്ത് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ വിശദാംശങ്ങള്‍.
- 120003 ആളുകളാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്, ഇതില്‍ 101402 വീടുകളിലാണ്. 601 പേര്‍ ആശുപത്രിയിലാണ്, ഇന്ന് 136 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1342 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചിട്ടുണ്ട്.
- സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ 126 പേരാണ് ചികിത്സയിലുള്ളത്. 138 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.
- ഇന്ന് രോഗം ബാധിച്ചവരില്‍ 9 പേര്‍ കണ്ണൂരും, 3 പേര്‍ വീതം കാസര്‍ഗോഡും മലപ്പുറത്തും നിന്നാണ്. തൃശ്ശൂരില്‍ 2 പേരും ഇടുക്കി, വയനാട് ജില്ലകളിലായി ഓരോ ആളുകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
- രോഗം ബാധിച്ചിരുന്നവരില്‍ ചികിത്സയിലായിരുന്ന എറണാകുളത്ത് ചികിത്സയിലായിരുന്ന 3 കണ്ണൂര്‍ സ്വദേശികളും 2 വിദേശ പൗരന്മാരും ഇന്ന് ആശുപത്രി വിട്ടു. പത്തനംതിട്ടയില്‍ ഒരാളുടെ റിസല്‍റ്റ് നെഗറ്റീവായി.
- 3768 സാമ്പിളുകളില്‍ രോഗമില്ലെന്ന് ഉറപ്പാക്കി, കേന്ദ്രധനകാര്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രപാക്കേജിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
- കേരളത്തില്‍ 879 സ്വകാര്യ ആശുപത്രികളില്‍ 69432 കിടക്കളുണ്ട്, 5607 ഐ.സി.യു സൗകര്യങ്ങളും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 716 ഹോസ്റ്റലുകളിലായി 15333 റുമുകള്‍ ഉണ്ട്. നിലവില്‍ ഇവിടെ ആവശ്യമായ അറ്റകുറ്റ പണികള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
- വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ മുമ്പ് തന്നെ ആരംഭിക്കാന്‍ ഉദ്ദേശിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേന സജ്ജമാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 22 മുതല്‍ 40 വയസുവരെയുള്ളവരെ സന്നദ്ധ സേനയായി തയ്യാറാക്കും ആദ്യ 236000 പേരടങ്ങുന്ന സേന രംഗത്ത് ഇറങ്ങണം എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഇന്ന് തന്നെ പ്രാവര്‍ത്തികമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 43 തദ്ദേശസ്ഥാപനങ്ങില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി.941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തുകള്‍ കമ്മ്യൂണിറ്റി കിച്ചണുള്ള സ്ഥലം കണ്ടെത്തി. 87 മുന്‍ 84 സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
- 6 കോര്‍പ്പറേഷനുകളില്‍ 9 സ്ഥലങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനം. നാളെ മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി പ്രാദേശിക വളണ്ടിയര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.
- സംസ്ഥാനത്ത് വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലായി 715 ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചു. 86421 പേര്‍ക്ക് കൗണ്‍സിലിംഗ് തുടങ്ങി.
- സംസ്ഥാനത്ത് 15433 വാര്‍ഡ് സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമതലത്തില്‍ 2007 കെയര്‍ സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളില്‍ 3482 വാര്‍ഡ് സമിതികളാണ് പ്രവര്‍ത്തിക്കുന്നുണ്ട്. 16785 വളണ്ടിയര്‍മാര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
- റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യ ധാന്യം നല്‍കാനാണ് തീരുമാനമെന്നും ഇതിനായി ആധാര്‍ കാര്‍ഡ് പരിശോധിച്ച് റേഷന്‍ കാര്‍ഡുകളില്‍ പേരില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- നവജാതശിശുക്കള്‍ക്കുള്ള സാധാരണ തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യും
- അടുത്ത വര്‍ഷങ്ങളില്‍ പെന്‍ഷന്‍ പറ്റിയ ആരോഗ്യ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും
- ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ തടസമില്ലാതെ നടക്കാന്‍ പോലീസ് ശ്രദ്ധിക്കും.
- ഗര്‍ഭിണികളെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവശ്യ സര്‍വ്വീസുകളില്‍ നിന്നും ഒഴിവാക്കും
- ഇതിനുപുറമെ യുവജന കമ്മീഷന്‍ 1465 യുവ വളണ്ടിയര്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയ്യാറായി യുവജനങ്ങള്‍ രംഗത്തിറങ്ങണം എന്ന അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവര്‍ത്തനമാണ് ഇവരും നടത്തുക. ഇവരെയും ‘സന്നദ്ധം’ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യും.
- വിലക്കയറ്റത്തിന്റെയും സാധന ദൗര്‍ലഭ്യത്തിന്റെയും വിവരങ്ങള്‍ പരാതികളായി വരുന്നുണ്ട്. ആവര്‍ത്തിച്ച് പറഞ്ഞതാണ് സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് അനുവദിക്കാനാവില്ല എന്ന്.
അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയുംമറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തകച്ചവടക്കാരുമായി ഇന്ന് ഓഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. റീട്ടെയില്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ സംസാരിച്ചിരുന്നു. - അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയുംമറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തകച്ചവടക്കാരുമായി ഇന്ന് ഓഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. റീട്ടെയില്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ സംസാരിച്ചിരുന്നു.
- ഹോള്‍സെയില്‍കാരുടെ സാധനങ്ങള്‍ റീട്ടെയില്‍കാരുടെ കടയില്‍ എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല. ആദ്യദിവസങ്ങളില്‍ ഉണ്ടായ ആശയകുഴപ്പങ്ങള്‍ പരിഹരിക്കാനാകും. മൂന്ന് നാല് മാസങ്ങളിലേക്ക് വേണ്ട സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് തന്നെ സാധനങ്ങള്‍ കൊടുക്കാനാകണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. വലിയ പരാതിയില്ല. എന്നാല്‍, തീരെ ഇല്ലെന്നല്ല.
- റീട്ടെയില്‍ വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസ്സവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയാസം വന്നാല്‍ അത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവര്‍ത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹകരണവും തേടും. നമുക്ക് സാധ്യമായ എല്ലാ വഴികളും തേടും.
- കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു.
- മാര്‍ച്ച് 31ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹന രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
- പുതിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തീയതിക്കു മുമ്പ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമ്പാദിച്ച വാഹനങ്ങള്‍ക്ക് ബാധകമാവില്ല.
- അപേക്ഷ നല്‍കുന്നതില്‍ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും.
- ജി ഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി.
- അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോര്‍ വാഹന നിയമം 66(3) പ്രകാരം പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കി.
- പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിറിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിച്ചു.
DoolNews Video