| Saturday, 16th July 2022, 11:07 pm

ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ മാസികയില്‍ സവര്‍ക്കറെക്കുറിച്ച് കവര്‍ സ്റ്റോറി; വിരോധാഭാസമെന്ന് എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കായി സമര്‍പ്പിക്കപ്പെട്ട ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ ‘അന്തിം ജന്‍’ മാസികയില്‍ വി.ഡി. സവര്‍ക്കറെക്കുറിച്ച് കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരിച്ചതിനെതിരെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം c.

ഹിന്ദുത്വത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ കാഴ്ചപ്പാടുകള്‍, ദേശഭക്ത് സവര്‍ക്കര്‍, വീര്‍ സവര്‍ക്കറും മഹാത്മാ ഗാന്ധിയും തുടങ്ങിയ തലക്കെട്ടുകളില്‍ സവര്‍ക്കറുടെ ആശയങ്ങളാണ് ജൂണ്‍ മാസത്തെ മാസികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വിരോധാഭാസം എന്നല്ലാതെ ഇത്തരം നടപടികളെ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും എളമരം കരീം സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എളമരം കരീം

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജീവിതവും ആശയവും പ്രചരിപ്പിക്കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1984 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വയംഭരണ സംവിധാനമാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി. ഗാന്ധിജിയെയും സര്‍ദാര്‍ പട്ടേലിനെയും പോലെ മഹാനായ സ്വാതന്ത്ര്യസമര സേനാനിയായതിനാലാണ് സവര്‍ക്കറെക്കുറിച്ച് കവര്‍സ്റ്റോറി ചെയ്തതെന്നാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ വിശദീകരണം. ബ്രിട്ടീഷ് ഭരണകൂടത്തോട് തുടരെ തുടരെ മാപ്പിരക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറെന്ന് രേഖാമൂലം സമ്മതിക്കുകയും ചെയ്ത സവര്‍ക്കറില്‍ നിന്ന് ഈ രാജ്യത്തിന് ഒന്നും പഠിക്കാനില്ല. പഠിക്കാനുണ്ടെങ്കില്‍ എങ്ങനെ ഒരു ഒറ്റുകാരനാകാം എന്നു മാത്രമാണ്. ഗാന്ധിവധത്തില്‍ പ്രതിയായിരുന്നു വി.ഡി. സവര്‍ക്കര്‍.

ഗാന്ധിജിയെ കൊലപ്പെടുത്താന്‍ വി.ഡി. സവര്‍ക്കറും കൂട്ടാളികളും പദ്ധതിയിട്ടെന്ന് ഗാന്ധി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഗാന്ധി വധത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ച് ഇരയ്ക്ക് പകരം വേട്ടക്കാരനെ മഹത്വവത്കരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി ചെയ്തിരിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായി അവതരിപ്പിക്കുന്ന നിഗൂഢമായ സംഘപരിവാര്‍ പദ്ധതിയുടെ ഒടുവിലെ അധ്യായമാണ് ഈ നടപടി. ഇന്ത്യയെ മതേതര രാജ്യമാക്കി നിലനിര്‍ത്തുന്നതിന് വേണ്ടി ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുകയും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന് ഹിന്ദുത്വവര്‍ഗീയവാദിയാല്‍ കൊല്ലപ്പെടുകയും ചെയ്തയാളാണ് ഗാന്ധിജി.

ആ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബാധ്യതപ്പെട്ട ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി ഗാന്ധിജി നിരന്തരം വിമര്‍ശിച്ച ഹിന്ദുത്വവര്‍ഗീയവാദ ആശയങ്ങളുടെ പ്രചാരണം ഏറ്റെടുത്തത് കടുത്ത ഗാന്ധിനിന്ദ കൂടിയാണ്. ബി.ജെ.പി ഭരണത്തിന് മുമ്പ് മതേതരമായി പ്രവര്‍ത്തിച്ച ഭരണഘടനാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ എത്രത്തോളം അപകടകരമായി കാവിവത്കരിക്കപ്പെട്ടുവെന്നുകൂടി ഈ സംഭവം വ്യക്തമാക്കുന്നു. സംഘപരിവാര്‍ ആശയപ്രചാരണത്തിന് ഗാന്ധി ദര്‍ശന്‍ സമിതി പോലുള്ള മതേതര വേദികള്‍ ദുരുപയോഗം ചെയ്യുന്ന നടപടികളില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും തയ്യാറാകണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

CONTENT HIGHLIGHTS: Cover story on Savarkar in Gandhi Smriti Darshan Samiti’s magazine; Elamaram Karim called it paradoxical

We use cookies to give you the best possible experience. Learn more