എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ വീണ്ടുമെത്തുകയാണ് ഗായിക സന മൊയ്തൂട്ടി. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ കുന്ദവായിയുടെയും വാനതിയുടെയും സൗഹൃദം ആഘോഷിക്കുന്ന ‘ചൊല്‍’ എന്ന ഗാനം സംഗീത പ്രേമികളിലുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു. ഈ വരുന്ന സെപ്റ്റംബര്‍ 30നാണ് പൊന്നിയന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മോഹന്‍ജൊ ദാരോ എന്ന 2016ല്‍ ഇറങ്ങിയ ബോളിവുഡ് സിനിമയിലും സന ഗായികയായി എത്തിയിരുന്നു.
കവര്‍ സോങുകള്‍ സനയ്ക്ക് കേരളത്തില്‍ വലിയ പ്രശസ്തിയാണ് നല്‍കിയത്, ഒരുപോലെ പ്രശംസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം എങ്ങിനെ നോക്കി കാണുന്നു എന്ന് മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് സന മൊയ്തൂട്ടി ഇപ്പോള്‍.
‘ആളുകള്‍ എന്റെ പാട്ടുകള്‍ സ്വീകരിക്കുന്നുവെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവര്‍ സോങ്ങുകള്‍ ഇറക്കുമ്പോള്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാറില്ല. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം എന്റെ പാട്ടുകള്‍ റിലുകളാക്കി സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്.
എനിക്ക് നേരേ വന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയുമെല്ലാം ഞാന്‍ ബഹുമാനത്തോടെ കാണുന്നു. കാരണം ഒറിജിനല്‍ വേര്‍ഷനോട് ആളുകള്‍ക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകള്‍ വിമര്‍ശിക്കപ്പെടുന്നത്. ഞാന്‍ പാട്ടു പാടുന്നത് അത്രയും ആസ്വദിച്ചാണ്.
ഒറിജിനലിന് ഒരു സമര്‍പ്പണം എന്ന രീതിയിലാണ് കവര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേര്‍ത്ത് നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും’ സന പറയുന്നു.
മലയാളി സംഗീതാസ്വാദകര്‍ക്ക് വിമര്‍ശന ബുദ്ധി കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്
‘അതെ, മലയാളി സംഗീതാസ്വാദകര്‍ വളരെ ക്രിട്ടിക്കലാണ്. അതുപോലെ തന്നെ നല്ലതിനെ പ്രശംസിക്കുന്നതിലും അവര്‍ ഒട്ടും പിശുക്കു കാണിക്കുകയില്ല. മോശമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യും. ഈ സമീപനത്തെ ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സത്യസന്ധമായ അഭിപ്രായങ്ങളാണ് കലാകാരന്‍മാരെ വളര്‍ത്തുകയുള്ളൂ.’ എന്നാണ് സന പ്രതികരിച്ചത്.
‘ഹിന്ദിയിലും തമിഴിലുമാണ് കൂടുതല്‍ പാട്ടുകള്‍ പാടിയത്. മലയാളത്തില്‍ പാട്ടുകളുടെ എണ്ണം കുറഞ്ഞത് ഒരിക്കലും മനപൂര്‍വ്വമല്ല. ഈ വര്‍ഷം മലയാളത്തില്‍ ഏതാനും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ സാധിച്ചു. ഉല്ലാസം എന്ന സിനിമയിലെ മാരിവില്‍ എന്ന പാട്ട് പാടിയിരുന്നു. ഷാന്‍ റഹ്‌മാനായിരുന്നു സംഗീത സംവിധാനം ചെയ്തത്. വരാനിരിക്കുന്ന ഡിയര്‍ വാപ്പി എന്ന സിനിമയില്‍ കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. വരയന്‍ എന്ന സിനിമയിലും പാടിയിരുന്നു. മലയാളത്തില്‍ ഒരുപാട് നല്ല പാട്ടുകള്‍ പാടണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം’ എന്നും സന കൂട്ടിച്ചേര്‍ത്തു.