ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍
COVID-19
ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 10:06 am

ന്യൂദല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന് ഗവേഷകര്‍. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു.

ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിന്റെ പരീക്ഷണം നടത്തുന്നത്.


ആദ്യഘട്ടത്തില്‍ 20 കുരങ്ങന്‍മാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്‌സിന്‍ നല്‍കുകയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ കൊവിഡിനെതിരായ ആന്റിബോഡിയുണ്ടായെന്നാണ് കണ്ടെത്തല്‍.

അതേസമയം ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിനായ ആസ്ട്രസെനക്കയുടെ പരീക്ഷണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് താല്ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്.

വാക്‌സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് രോഗം വന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി പഠിച്ചശേഷം മാത്രമേ വാക്‌സിന്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുകയുള്ളു.

അതേസമയം വാക്‌സിന്‍ ട്രയല്‍ പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്കപ്പെടേണ്ടെന്ന് ആസ്ട്രസെനെക്ക അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മാണത്തിനിടെ ഇത് പതിവാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാക്‌സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള 9 കമ്പനികളില്‍ ഒന്നാണ് ആസ്ട്രസെനെക്ക. ഇന്ത്യയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നതാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covaxin vaccination found effective in non-human primates