| Thursday, 29th April 2021, 7:39 pm

സംസ്ഥാനങ്ങള്‍ക്കുള്ള ഡോസിന് കൊവാക്‌സിനും വില കുറച്ചു; കുറച്ചത് 200 രൂപ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഷീല്‍ഡിന് പിന്നാലെ രാജ്യത്ത് കൊവാക്‌സിനും വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവാക്‌സിന്‍ ഡോസിന്റെ വിലയാണ് കുറച്ചത്.

ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കൊവാക്‌സിന്‍ ഡോസിന്റെ വില 600 രൂപയില്‍ നിന്ന് 400 രൂപയായിട്ടാണ് കുറച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രണ്ട് വാക്‌സിനുകളും വില കുറച്ചത്.

ഭാരത് ബയോടെക്ക്, ഐ.സി.എം.ആറുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷില്‍ഡ് വാക്സിന്റെ വില കുറയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പുനെവാല പ്രഖ്യാപിച്ചത്.

നിലവില്‍ സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ച 400 രൂപ എന്ന വിലയില്‍ നിന്ന് 100 രൂപയാണ് വാക്സിന് കുറച്ചത്.അതേസമയം രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചെലവഴിക്കേണ്ടി വന്നേക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് കൊവിഷീല്‍ഡ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം മേയ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ടു വില്‍ക്കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Covaxin also reduced the price for states

We use cookies to give you the best possible experience. Learn more