national news
കോടതികൾ വ്യക്തിസ്വാതന്ത്ര്യത്തെ നിസാരമായി കാണുകയോ അതിൽ ഇടപെടുകയോ ചെയ്യരുത്; സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 02:40 am
Tuesday, 25th February 2025, 8:10 am

ന്യൂദൽഹി: കോടതികൾ വ്യക്തിസ്വാതന്ത്ര്യത്തെ നിസാരമായി കാണുകയോ അതിൽ ഇടപെടുകയോ ചെയ്യരുതെന്ന് നിർദേശിച്ച് സുപ്രീം കോടതി.
വ്യക്തിയുടെ സ്വാതന്ത്ര്യം ഭരണഘടന പ്രകാരം വിലപ്പെട്ട അവകാശമാണെന്നും അതിൽ ഇടപെടുന്നതിന് മുമ്പ് കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കൊലപാതകശ്രമക്കുറ്റം ചുമത്തപ്പെട്ട ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യവ്യവസ്ഥകൾ പ്രതി ലംഘിച്ചെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ കാരണമില്ലാതെയാണ് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഭരണഘടന പ്രകാരം വിലപ്പെട്ട അവകാശമാണെന്ന് കോടതികൾ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

‘ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഭരണഘടന പ്രകാരം വിലപ്പെട്ട അവകാശമാണെന്ന് കോടതികൾ ശ്രദ്ധിക്കണം. അത്തരം സ്വാതന്ത്ര്യത്തിൽ നിസാരമായി ഇടപെടരുതെന്നും കോടതികൾ ശ്രദ്ധിക്കണം. ജാമ്യം അനുവദിച്ചതിന് ശേഷമുള്ള അപ്പീൽക്കാരന്റെ പെരുമാറ്റം അയാളുടെ ജാമ്യം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു തെളിവും പ്രഥമദൃഷ്ട്യാ ഇല്ലാതെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരിക്കുകയാണ്. പ്രതിക്കെതിരെ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്തതായി ആരോപണങ്ങളൊന്നുമില്ല. വിചാരണ നീട്ടിവെക്കാൻ പ്രവർത്തനങ്ങൾ നടത്തിയെന്നതിനും തെളിവില്ല,’ സുപ്രീം കോടതി പറഞ്ഞു.

കേസിൽ പ്രതിക്കെതിരെ ഐ.പി.സി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണ നടന്നുകൊണ്ടിരിക്കുകയും 43 സാക്ഷികളിൽ 17 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും ചെയ്തതിനാലും അപ്പീൽക്കാരൻ രണ്ട് വർഷമായി ജയിലിൽ കഴിഞ്ഞതിനാലും അദ്ദേഹം ജാമ്യത്തിന് അപേക്ഷിച്ചു. ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ജാമ്യം ഹൈക്കോടതി റദ്ദാക്കി. പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യം റദ്ദാക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കണ്ടെത്തുകയായിരുന്നു. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുക, സാക്ഷികളെ സ്വാധീനിക്കുക, തെളിവുകൾ നശിപ്പിക്കുക, തുടങ്ങിയ എന്തെങ്കിലും പ്രതി ചെയ്തിട്ടുണ്ടെങ്കിലാണ് ജാമ്യം നിഷേധിക്കാൻ പാടുള്ളു. ഇത് ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

Content Highlight: Courts Should Not Lightly Interfere With Personal Liberty : Supreme Court Sets Aside HC Order Cancelling Bail