ജഡ്ജിമാരുടെ നിയമനം നടക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ന്യൂദല്‍ഹി: കോടതികള്‍ക്ക് ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഭരണത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
ജഡ്ജിമാരുടെ നിയമനം നടക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഭരണകര്‍ത്താക്കള്‍ക്ക് വീഴ്ച സംഭവിക്കുമ്പോള്‍ കോടതിയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം, പക്ഷേ ഭരണനിര്‍വഹണം അതിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ചെയ്യേണ്ടത്. ഈ വ്യത്യാസം ഓര്‍മ്മിച്ചാല്‍ നാം ഇപ്പോള്‍ നേരിടുന്ന മിക്കവാറും പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നിയമനിര്‍മാണത്തിന്റെ ഉത്തരവാദിത്തം ഭരണഘടന നിയമനിര്‍മാണ സഭകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. അത് അത്തരത്തില്‍ തന്നെ തുടരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 500 ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഇവ നികത്താന്‍നുള്ള നടപടികള്‍ എടുക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ഠാക്കൂര്‍ പറഞ്ഞത്. കോടതികളില്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ ചീഫ് ജസ്റ്റീസിന്റെ ആരോപണത്തെ തള്ളി രവിശങ്കര്‍ പ്രസാദ് നേരത്തേ രംഗത്തെത്തിയിരുന്നു. സാധാരണ 80 നിയമനങ്ങള്‍ നടത്താറുള്ള സ്ഥാനത്ത് ഈ വര്‍ഷം 120 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമെല്ലാം തീരുമാനിക്കുന്നത് പ്രത്യേക കൊളീജിയമോ സുപ്രീംകോടതി പാനലോ ആണെന്നും കേന്ദ്രം ഇതിന് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.