തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ സിറ്റിങ് നടത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. പൊതുജനങ്ങള്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.
ഒഴിവാക്കാനാവാത്ത കേസുകള്‍ക്ക് മാത്രം വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടോയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പുവരുത്തണം. കോടതി നടപടികള്‍ ഓണ്‍ലൈനാക്കുന്നതില്‍ ബാര്‍ കൗണ്‍സിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായം തേടിയിരുന്നു.
അതേസമയം, കൊവിഡ് കണക്കുകളില്‍ വര്‍ധനവ് ഉണ്ടാവുന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാവും. ടി.പി.ആര്‍ 20ന് മുകളിലെത്തിയ ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.
ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം.
മറ്റേന്തെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.
യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.