| Saturday, 2nd May 2015, 2:30 pm

നിയമസഭയിലെ കയ്യാങ്കളി: ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജമീല പ്രകാശം എം.എല്‍.എ നല്‍കിയ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും.

ഈ മാസം 30ന് ജമീലയോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശം നല്‍കി. ഭരണപക്ഷ എം.എല്‍.എമാരായ കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ജമീലയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ജമീലയുടെ ആരോപണം. രണ്ട് എം.എല്‍.എമാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

നിയമസഭയിലെ സംഭവങ്ങളുടെ വീഡിയോ ദൃശ്യം മാത്രം പരിഗണിച്ച് തെളിവെടുക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ഇതു രണ്ടാം തെളിവായി മാത്രമേ സ്വീകരിക്കാനാവൂവെന്ന് കോടതി ്‌റിയിച്ചു. ഇതേത്തുടര്‍ന്നാണ് നേരിട്ടു കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്.

നിയമസഭയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടി വൈകിയതിനെ തുടര്‍ന്നാണ് ജമീല പ്രകാശം കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more