ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികളും എട്ട് റിട്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നവംബര്‍ 13ന് മൂന്ന് മണിക്ക് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. തുറന്ന കോടതിയിലാണോ അടച്ചിട്ട കോടതിയിലാണോ പരിഗണിക്കുകയെന്ന് അഭിഭാഷകര്‍ ആരാഞ്ഞിരുന്നു. തുറന്ന കോടതിയില്‍ ഇത് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
പുന:പരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം കോടതിയുടെ മുമ്പാകെ കഴിഞ്ഞദിവസം വെച്ചിരുന്നു. എന്നാല്‍ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് കോടതിയെ ആരും നിര്‍ദേശിക്കേണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വൃശ്ചികം ഒന്നിന് (നവംബര്‍ 16)നാണ് ശബരിമല നട തുറക്കുന്നത്. അതിനുമുമ്പ് തന്നെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.