മീ ടൂ: ലൈംഗികാതിക്രമം വെളിപ്പടുത്താന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ട്; ഇതിന്റെ പേരില്‍ ഒരു സ്ത്രീയും ശിക്ഷിക്കപ്പെടരുത്; എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസില്‍ കോടതി
ന്യൂദല്‍ഹി: ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ദല്‍ഹിയിലെ കട്കട് ദുമ കോടതി. മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി പ്രസ്താവം.
സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീര്‍ത്തിയെക്കാള്‍ വിലയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അത് ഉന്നയിക്കാനുള്ള അവകാശമുണ്ട്.
‘പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയാറില്ല, ലൈംഗികമായി അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അവര്‍ അതിന് ശേഷം അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ കാരണവും അവരുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച് ചോദ്യങ്ങളുയരുന്നതിനാലും തുറന്ന് പറയാന്‍ സാധിക്കാറില്ല,’ കോടതി നിരീക്ഷിച്ചു.
പ്രിയാ രമണിക്കെതിരായ ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്നും വിധി പ്രസ്താവിച്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു.
‘ലൈംഗികാരോപണം ഉന്നയിച്ച കാരണത്താല്‍ ഒരു സ്ത്രീയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. സ്ത്രീകള്‍ക്ക് ഏത് സമയത്തും ഏത് സ്ഥലത്തും തനിക്ക് നേരിടേണ്ടി വരുന്ന ഇത്തരം അതിക്രമങ്ങളെ തുറന്ന് കാണിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്,’ കോടതി പറഞ്ഞു.
ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഇത്തരം സംഭവങ്ങള്‍ തുറന്ന് കാണിക്കാനാണ് പ്രിയാരമണി രംഗത്ത് വന്നതെന്നും കോടതി നിരീക്ഷിച്ചു. സീതയെ രക്ഷിക്കാന്‍ ജഡായു എത്തിയത് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
1994ല്‍ ജോലിക്കായുള്ള ഒരു അഭിമുഖത്തിന് മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു പ്രിയാ രമണിയുടെ വെളിപ്പെടുത്തല്‍. 2018ലായിരുന്നു പ്രിയാരമണി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെ ഇരുപതോളം സ്ത്രീകള്‍ എം. ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.
വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എം. ജെ അക്ബറിന് രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയാ രമണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് മാനനഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി എം. ജെ അക്ബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക