| Friday, 5th July 2019, 12:23 pm

സി.പി.ഐ.എം പ്രവര്‍ത്തകനെ ജയിലില്‍ കൊലപ്പെടുത്തിയ കേസ്: ഒമ്പത് ആര്‍.എസ്.എസുകാര്‍ കുറ്റക്കാരെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രനെ ജയിലില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒമ്പതു ആര്‍.എസ്.എസുകാര്‍ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലീ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

2004 ഏപ്രില്‍ ആറിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ പവിത്രന്‍, ഫല്‍ഗുനന്‍, കെ.പി രഘു, സനല്‍പ്രസാദ്, പി.കെ ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി.വി അശോകന്‍ എന്നിവരാണ് കുറ്റക്കാര്‍. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

ജയിലില്‍വെച്ച് ഇരുമ്പുപാരകൊണ്ട് തലയ്ക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണപ്പെട്ടത്. 15 വര്‍ഷത്തിനുശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്. പ്രതികളായ ദിനേശന്‍, രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്കു ഹാജരാവാത്തതാണ് വിചാരണ വൈകാനിടയാക്കിയത്.

20 ജീവപര്യന്തം തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്‍പ്പെട്ടത്.

ജയിലിലെ ഏഴാം ബ്ലോക്കിനു മുന്നിലായിരുന്നു ആക്രമണം നടന്നത്. എട്ടാം ബ്ലോക്കിലെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണ് കേസിലുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന്‍ പ്രവീണും രണ്ടാം സാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ ദിനേശനാണ് ഹാജരായത്.

We use cookies to give you the best possible experience. Learn more