| Sunday, 30th January 2022, 8:14 am

ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ അഭിമുഖം; നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറിനെതിരെ കേസ്. തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ദിലീപിന്റെ ഹരജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷിനെതിരെ കേസെടുക്കുകയായിരുന്നു.

ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന വിഷയം.

സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണ കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ട് വന്നത് റിപ്പോര്‍ട്ടര്‍ ടി.വിയായിരുന്നു.

ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോളതിനെ അനുകൂലിക്കുന്ന തരത്തിലുള്ള സംഭവമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണെന്നും ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാന്‍ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ മുംബൈയില്‍ ആണ് ഉള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.

മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.


Content Highlights: Court to submit inquiry report on Dileep’s complaint; Police have registered a case against Nikesh Kumar

We use cookies to give you the best possible experience. Learn more