നാല് പേര്‍ക്ക് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവനയില്‍ മുലായം സിങിന് കോടതിയുടെ സമന്‍സ്
Daily News
നാല് പേര്‍ക്ക് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവനയില്‍ മുലായം സിങിന് കോടതിയുടെ സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2015, 9:55 pm

Mulayam-Singhമഹോബ: നാല് പേര്‍ക്ക് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവനയില്‍ സമാജ് വാദി പാര്‍ട്ടി നേതാവിന് കോടതിയുടെ സമന്‍സ്. ആഗസ്റ്റ് 16 ന് ആയിരുന്നു മുലായം സിങ് വിവാദ പ്രസ്താവന നടത്തിയിരുന്നത്. ജൂനിയര്‍ ഡിവിഷന്‍ സിവില്‍ കോടതിയാണ് മുലായത്തിന് സമന്‍സ് അയച്ചിരിക്കുന്നത്.

നാല് പേര്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാനാവുകയെന്നായിരുന്നു മുലായം ചോദിച്ചിരുന്നത്. ഒരാള്‍ കുറ്റം ചെയ്താല്‍ നാല് പേരെ കൂടെ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തില്‍ നിരവധി വ്യാജ ബലാല്‍സംഗ കേസുകള്‍ തനിക്കറിയാമെന്നും മുലായം പറഞ്ഞിരുന്നു.

ബദായൂനില്‍ രണ്ട് സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഇത് തന്നെയാണ് സംഭവിച്ചതെന്നും ബലാല്‍സംഗം നടന്നിട്ടില്ലെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയതെന്നും മുലായം വ്യക്തമാക്കിയിരുന്നു. ബലാല്‍സംഗങ്ങള്‍ കുറവുള്ള സ്ഥലമുണ്ടെങ്കില്‍ അത് യു.പിയാണെന്നും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പീഡനക്കേസുകളുടെ എണ്ണം കൂടുതലാണെന്നും മുലായം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിന് 3, 4 വകുപ്പുകളനുസരിച്ചും ഐ.പി.സി സെക്ഷന്‍ 504 (മനപ്പൂര്‍വം അപമാനിക്കുന്ന രീതിയിലുള്ള പ്രകോപനപരമായ സംസാരം), 505 (പൊതു സമൂഹത്തിന് ദ്രോഹമുണ്ടാകുന്ന പ്രസ്താവന), 509 (സ്ത്രീകളെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിക്കാല്‍), 116 (കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകളും അനുസരിച്ചാണ് സമന്‍സ് അയച്ചിരിക്കുന്നത്.