കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് സമന്‍സ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് സമന്‍സ്. 19 നു കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്.
കേസിലെ മറ്റു പ്രതികാളായ വിഷ്ണു, മേസ്തിരി എന്നിവര്‍ക്കും നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ ഹാജരാകേണ്ടത്. അടുത്ത ദിവസം തന്നെ പൊലീസ് സമന്‍സ് ദിലീപിന് കൈമാറും.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആക്രമണത്തിനിരയായ നടിയെ ഇയാള്‍ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ താരനിശയ്ക്കിടെയാണ് സംഭവം നടന്നതെന്നും നടന്‍ സിദ്ദിഖ് സംഭവത്തിന് സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തിലെ 12 പ്രതികളില്‍ മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. 19ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ഇതിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറും.
പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കഴിഞ്ഞദിവസമായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നത്. സാങ്കേതിക പിഴവുകള്‍ തിരുത്തിയതിന് ശേഷമാണ് അങ്കമാലി കോടതി കുറ്റപത്രം സ്വീകരിച്ചത്.