തൃണമൂല്‍ ആക്രമണം: ബംഗാളില്‍ നാമനിര്‍ദ്ദേശം വാട്‌സ്അപ്പിലൂടെ നല്‍കാന്‍ കോടതി നിര്‍ദ്ദേശം
Bengal panchayat poll
തൃണമൂല്‍ ആക്രമണം: ബംഗാളില്‍ നാമനിര്‍ദ്ദേശം വാട്‌സ്അപ്പിലൂടെ നല്‍കാന്‍ കോടതി നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th April 2018, 9:26 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക വാട്‌സ്അപ്പിലൂടെ സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ കോടതി നിര്‍ദ്ദേശം. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവാതിരുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് കോടതിയുടെ നിര്‍ദ്ദേശം.

വാട്‌സ്അപ്പിലൂടെ സമര്‍പ്പിക്കപ്പെടുന്ന പത്രിക സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കൃത്യസമയത്ത് പത്രിക സമര്‍പ്പിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞ് തിങ്കളാഴ്ച നാല് മണിക്കൂര്‍ സമയം കൂടി സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അക്രമം തുടര്‍ന്നതോടെ ഈ സമയത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായില്ല.


Read | ‘ചന്ദ്രബാബു നായിഡുവിനെ കൊല്ലുമെന്നാണോ നിങ്ങളുടെ ഭീഷണി’ ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ആന്ധ്ര ഉപമുഖ്യമന്ത്രി


പത്രിക നല്‍കാനെത്തുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് നോക്കുകുത്തിയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ബീര്‍ഭും ജില്ലയില്‍ സുഡിയില്‍ തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്‍ദാര്‍ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് മനോജ് ചക്രവര്‍ത്തിക്കും തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് 12ന് ഉത്തരവിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. തുടര്‍ന്ന് പത്രിക സമര്‍പ്പണത്തിനുള്ള തീയതി ഒരു ദിവസം നീട്ടി നല്‍കുകയും ചെയ്തിരുന്നു.


Read | ‘കഞ്ചാവ് എനര്‍ജിയില്‍ മോദി’; രാഹുലിനെ ട്രോളിയ ബി.ജെ.പിയുടെ ട്വീറ്റിന് മോദിയെ ട്രോളി സോഷ്യല്‍മീഡിയയുടെ മറുപടി


ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുളള അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് കഴിഞ്ഞ ആഴ്ചയാണ്. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതി നല്‍കാനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും.ആക്രമിക്കപ്പെട്ടിരുന്നു.