[share]
[] കൊച്ചി: സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ രണ്ട് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തു ചെയ്യാന്‍ മടിക്കാത്തവരുണ്ട്, തട്ടിപ്പ് കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം എന്നീ പരാമര്‍ശങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. സലീംരാജ് ഉല്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരായി ഹൈക്കോടതി ഉന്നയിച്ച രണ്ട് ഗുരുതര പരാമര്‍ശങ്ങളാണ് സ്റ്റേ ചെയ്തിരിയ്ക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യങ്ങളായത് കൊണ്ട് മുഖ്യമന്ത്രി ജനങ്ങളോട് ഇതിന് മറുപടി പറയണം, മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിനല്‍ ക്രിമിനല്‍ കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നീ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയോട് ബഹുമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദിന്റെ ഉത്തരവിലെ എഴുപതാമത്തെ ഖണ്ഡികയിലെ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പരാമര്‍ശങ്ങളാണ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് താത്കാലിമായി സ്‌റ്റേ ചെയ്തിരിയ്ക്കുന്നത്. അതേ സമയം ഈ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണത്തെ ബാധിയ്ക്കില്ലെന്നും സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
മുഖ്യമന്തിയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി കിട്ടണം എന്നാവശ്യപ്പെട്ടാണ് എ.ജി കഴിഞ്ഞ ദിവസം അപ്പീല്‍ നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും കുറിച്ച് പരാമര്‍ശിച്ച കോടതി അതേക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അവസരം നല്‍കിയില്ലെന്ന് അപ്പീലില്‍ പറയുന്നു.
ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന പരാമര്‍ശത്തിന് കോടതിയുടെ പരിഗണനയിലെ ഹര്‍ജിയുമായി ബന്ധമില്ല. പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പ്രസ്താവനയ്ക്ക് സമാനമാണിതെന്നും അപ്പീലില്‍ പറയുന്നു. സരിത എസ്.നായര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ജസ്റ്റിസ് ജി. ശിവരാജന്‍ ഉള്‍പ്പെട്ട കമ്മീഷനെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ടെന്നിരിക്കേ സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശം ഉണ്ടായത് അനാവശ്യവും നിലനില്‍ക്കാത്തതുമാണെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലെ 70ാം ഖണ്ഡിക നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.