| Monday, 3rd December 2018, 5:46 pm

'രണ്ടാമൂഴം' തിരക്കഥ സംവിധായകന് ഉപയോഗിക്കാനാവില്ല; കീഴ്‌ക്കോടതിയുടെ തുടര്‍ നടപടിക്കു സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: “രണ്ടാമൂഴം” തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ കീഴ്‌ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും.

എന്നാല്‍, മധ്യസ്ഥനെ നിയമിക്കണമെന്ന ഹര്‍ജി തള്ളിയത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോന്‍ അപ്പീൽ നൽകിയിട്ടുണ്ട്.


മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണു എം.ടി കേസ് കൊടുത്തിരിക്കുന്നത്.

നിര്‍മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഒക്ടോബര്‍ 10ന് ആണ് എം.ടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ശ്രീകുമാറിനും നിര്‍മാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു.

തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇന്‍ജക്ഷന്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.


മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിരുന്നില്ല.

അതേസമയം, എം.ടിയുമായി സംസാരിക്കുമെന്നും ചിത്രം മുടങ്ങില്ലെന്നുമായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more