കഥ മോഷ്ടിച്ചെന്നാരോപണം; 'മോഹന്‍ലാലിന്' സ്റ്റേ
Mohanlal Movie
കഥ മോഷ്ടിച്ചെന്നാരോപണം; 'മോഹന്‍ലാലിന്' സ്റ്റേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th April 2018, 5:31 pm

തൃശ്ശൂര്‍: എപ്രില്‍ പതിനാലിന് റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാറിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. തൃശ്ശൂര്‍ ജില്ലാക്കോടതിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്.

തന്റെ കഥാസമാഹാരത്തിലെ കഥ മോഷ്ടിച്ചിട്ടാണ് “മോഹന്‍ലാല്‍” സിനിമക്ക് തിരക്കഥയൊരുക്കിയതെന്നാണ് രവികുമാറിന്റെ പരാതി. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങാളായി വരുന്ന സിനിമ എപ്രില്‍ പതിനാലിന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

“മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്..” എന്ന തന്റെ കഥ മോഷ്ടിച്ചാണ് സാജിദ് യഹിയ “മോഹന്‍ലാല്‍” എന്ന ചിത്രം ഒരുക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ചപ്പോള്‍ നന്ദി പറയാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് കാര്യമെന്നും കലവൂര്‍ രവികുമാര്‍ ചോദിച്ചിരുന്നു.


Also Read ‘ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഞാന്‍ എന്റെ മക്കളോട് പറയാറ്; ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട അവന്റെ മല്ലികചേച്ചിയാണ് ഞാന്‍’

 


എന്നാല്‍ കഥ മോഷ്ടിച്ചതല്ലെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയില്‍ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെയാണ് ഇത് കോപ്പിയടിയാണെന്നാണ് രവികുമാര്‍ ആരോപിച്ചതെന്നും യഹിയ പറഞ്ഞു. ഫെഫ്ക പറഞ്ഞത് കൊണ്ടാണ് നന്ദി ക്രെഡിറ്റില്‍ വെക്കാമെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ കലക്ഷന്റെ 25 ശതമാനം ലാഭമാണ് അദ്ദേഹം ചോദിക്കുന്നത്- യഹിയ പറഞ്ഞു.

“വലിയ ബാനറും അഭിനേതാക്കളും ഉണ്ടായിരുന്ന “ജോര്‍ജ് ഏട്ടന്‍സ് പൂരം”, “രക്ഷാധികാരി ബൈജു” എന്നീ സിനിമകള്‍ക്കെതിരെ ചേട്ടന്‍ കേസ് കൊടുത്തിട്ട് എന്തായി?
ഇങ്ങനെ പലര്‍ക്കും എതിരെ കേസ് കൊടുക്കുന്നതില്‍ ചേട്ടന് ഒരു രസം ഒക്കെ ഉണ്ടാവും. പക്ഷെ മുറിവേല്‍ക്കുന്നത് വര്‍ഷങ്ങള്‍ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവന്റെ മനസ്സിനാണ്. അത് മനസിലാക്കുവാന്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ചേട്ടന് കഴിയുമെന്ന് ഞാന്‍ കരുതുന്നെന്നും യഹിയ പറഞ്ഞിരുന്നു.