തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡി.വൈ.എസ്.പിക്കെതിരെയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഡി. വൈ.എസ്.പി ഹാജരാകാത്ത സാഹചര്യത്തില്‍ അപകട ദിവസത്തെ സി.സി.ടി.വി ദ്യശ്യങ്ങളടങ്ങിയ രണ്ട് ഡി.വി.ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ അതിനുള്ള ഡിവൈസ് സഹിതം പൊലീസ് ഹൈടെക് സെല്‍ എസ്.പിയോട് ഫെബ്രുവരി 24ന് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് എ.അനീസയാണ് ഉത്തരവിട്ടത്.
അന്വേഷണ സംഘം തെളിവായി ഹാജരാക്കിയിരുന്ന സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ സി.ഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ സിറ്റി സൈബര്‍ സെല്‍ ഡി.വൈ.എസ്.പി യോട് ഫെബ്രുവരി 15ന് കോടതി ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി രണ്ടിനാണ് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് പാലിക്കുന്നതില്‍ ഡി.വൈ.എസ്.പി വീഴ്ച വരുത്തിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.
ഡി.വൈ.എസ്.പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഡി.വൈ.എസ്.പി കോടതിയില്‍ ഹാജരാകുകയോ കൂടുതല്‍ സമയം തേടി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഡി.വൈ.എസ്.പിയോടാണ് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡി.വി.ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഹാഷ് വാല്യു മാറുമോയെന്ന് ഫോറന്‍സിക് അഭിപ്രായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്.പിയോട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നല്‍കിയ രണ്ട് ചോദ്യാവലിക്ക് ഫോറന്‍സിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കാനുമായിരുന്നു നിര്‍ദ്ദേശം.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എ. ഷാനവാസിനോടാണ് വ്യക്തതാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറന്‍സിക് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഹാജരാക്കിയത്. ഡി.വി.ഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Court Slams DYSP In K M Basheer Case