ന്യൂദല്‍ഹി: കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണ കോടതികള്‍, ജില്ലാ കോടതികള്‍, സെഷന്‍സ് കോടതികള്‍ എന്നിവ വിധി നടപ്പാക്കുന്നത് ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ ആവരുതെന്നും അതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോടതികളെ നിയമവ്യവസ്ഥയായി കാണണമെന്നും പകരം കീഴ്‌ക്കോടതികളായി കാണാന്‍ പാടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘കോടതികള്‍ നീതിന്യായ വ്യവസ്ഥയാണ്. അതിനാല്‍ അവരെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ കോടതി എന്നത് നീതിന്യായ വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗമാണെന്നതിനാല്‍ കൃത്യമായി തന്നെ നീതി നടപ്പിലാക്കാം,’ സിബല്‍ പറഞ്ഞു.
ജില്ലാ കോടതികള്‍ ജാമ്യം നല്‍കുന്നത് തന്റെ നിയമ ജീവിതത്തില്‍ കുറച്ച് പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സ്വാതന്ത്ര്യത്തെ തടയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജില്ലാ കോടതികള്‍ ഉള്‍പ്പെടെയുള്ള നീതിന്യായ വ്യവസ്ഥകള്‍ പലരെയും ഭയന്നാണ് വിധി പ്രഖ്യാപിക്കുന്നതെന്നും സിബല്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ദേശീയ സമ്മേളനം നടത്തുന്നത്.
കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന, അറ്റേര്‍ണി ജനറല്‍ വെങ്കിട്ടരമണി, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Content Highlight: court should not declare judgement out of fear or favour: kapil sibal