കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി വിചാരണക്കോടതി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നല്‍കിയ അപേക്ഷ ചോര്‍ന്ന സംഭവത്തിലാണ് നടപടി.
അപേക്ഷ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ വിചാരണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലായിരുന്നു നടപടി.
കേസിലെ തുടരന്വേഷണം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു പൗലോസിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പറഞ്ഞത്.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് അതിജീവിത ഔദ്യോഗിക പരാതി നല്‍കിയിരുന്നു. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഇതില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.
Content Highlights: Court seeks explanaton from S Sreejith in actress attack case