മുംബൈ: ആര്‍.എസ്.എസിനെതിരെ പ്രശസ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ നടത്തിയ പരാമര്‍ശം സംഘടന പ്രവര്‍ത്തകരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് മുംബൈയിലെ പ്രിന്‍സിപ്പല്‍ കോടതിയുടെ നിരീക്ഷണം.
ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ അക്തര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
‘ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ ഈ പരാമര്‍ശം നടത്തിയത്. അക്തറിന്റെ പ്രസ്താവന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും അവരെ പിന്തുണക്കുന്നവരുടെയും അഭിമാനത്തിന് ക്ഷതമുണ്ടാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന് സമാനമാണ് ആര്‍.എസ്.എസ് എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം ലോകത്തിന് നല്‍കുന്നത്. ആര്‍.എസ്.എസിനെ ഇകഴ്ത്തിക്കാട്ടിയതിന് തെളിവുകളുണ്ട്,’ കോടതി പറഞ്ഞു.
അക്തര്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ ലോകപ്രശസ്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ധാരാളം ആളുകളിലേക്കെത്തുന്നതാണെന്നും കോടതി പറഞ്ഞു.
പ്രാഥമികമായി കുറ്റം നിലനില്‍ക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെന്നും മേല്‍ക്കോടതി വ്യക്തമാക്കി.
‘കുറ്റാരോപിതന്‍ വളരെ പ്രശസ്തനായ വ്യക്തിയാണ്. ധാരാളം അനുയായികളുള്ള, രാജ്യത്ത് വളരെയധികം അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. എന്നാല്‍ താലിബാന്‍ എന്താണ് ചെയ്യുന്നതെന്ന് ലോകത്തിന് അറിവുള്ളതാണ്. അത്തരം കാര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അക്തര്‍ അഭിമുഖത്തില്‍ സംസാരിച്ചത്, കോടതി നിരീക്ഷിച്ചു.
അഭിമുഖത്തില്‍ നിന്ന് വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് അക്തറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അഭിമുഖം വളരെ വ്യക്തമാണെന്നും താലിബാന്റെ അപരിഷ്‌കൃതവും ക്രൂരവുമായ പ്രവര്‍ത്തികളെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ആര്‍.എസ്.എസിനെ അതിലേക്ക് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നുമാരോപിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ സന്തോഷ് ദുബെ കോടതിയെ സമീപിച്ചത്.
Content Highlights: Court says that Javed Akhtar’s remark damages the dignity of RSS workers