| Friday, 1st June 2012, 10:22 am

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം ഉയര്‍ത്തുന്നതിനെതിരെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം 16ല്‍ നിന്നും 18 ആക്കി ഉയര്‍ത്തുന്നതിനെതിരെ കോടതി. സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്കുമാണെന്ന് ദല്‍ഹിയിലെ വിചാരണക്കോടതി കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കാന്‍ പോലീസിന് ഒരു കാരണം നല്‍കലാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നിയമം കൗമാരപ്രായത്തിലുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയിരുന്നു.

” ഈയൊരു നീക്കം ആണ്‍കുട്ടികള്‍ വേശ്യാവൃത്തിയിലേക്ക് തിരിയാന്‍ വഴിതുറന്നുകൊടുക്കുകയും പെണ്‍കുട്ടിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും അവളുടെ രക്ഷിതാവിന് കേസുകൊടുക്കാന്‍ അധികാരം നല്‍കുകയും ചെയ്യും.” അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിരേന്ദ്രര്‍ ഭട്ട് നാഷണല്‍ ലോ കമ്മീഷന്‍ ചെയര്‍മാനും, ലോ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിക്കും അയച്ച ഉത്തരവില്‍ പറയുന്നു.

കൗമാരക്കാരിലെ ലൈംഗിക ബന്ധത്തിന് എതിരാണെന്ന് വ്യക്തമാക്കിയ കോടതി അത് തടയാനുള്ള മാര്‍ഗം പ്രായപരിധി ഉയര്‍ത്തുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് ഏകവഴിയെന്നും കോടതി നിര്‍ദേശിച്ചു.

” നിയമപരമായ ചട്ടങ്ങളിലൂടെ ഒരു കുട്ടിയില്‍ നന്മ നിറയ്ക്കാനോ, ശരിതെറ്റുകള്‍ തിരിച്ചറിയാനുള്ള ശേഷി വളര്‍ത്താനോ കഴിയില്ല. രക്ഷിതാക്കള്‍ക്കളെയും സ്‌കൂള്‍ ടീച്ചര്‍മാരെയും ഇക്കാര്യം ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്.”

തനിക്കൊപ്പം ഒളിച്ചോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്ന സന്ദീപ് പാസ്വാനെ വെറുതെവിട്ടുകൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ലക്‌നൗവിലെ ആര്യസമാജത്തില്‍വെച്ച് ഇരുവരും വിവാഹിതരായിരുന്നു.

2011 ജനുവരിയില്‍ 15കാരിയായ മകളെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവാണ് പോലീസിന് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ആഗതസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും കണ്ടെത്തി. സന്ദീപിന്റെ ഭാര്യയായി കഴിയുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സന്ദീപിനെതിരെ കേസെടുക്കുകയായിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സന്ദീപിനൊപ്പം ജീവിക്കുന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും മനസിലായതായി കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സന്ദീപിനെ വെറുതെ വിട്ടത്.

കേബില്‍ ടിവിയും, ഇന്റര്‍നെറ്റും, മറ്റും സമൂഹത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ കാലത്ത് സെക്‌സിനെക്കുറിച്ചും, വൈവാഹിക ബന്ധത്തെക്കുറിച്ചും വളരെ നേരത്തെ തന്നെ കുട്ടികള്‍ മനസിലാക്കുന്നു. ഇതിന്റെ ഫലമായി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുട്ടികളില്‍ ലൈംഗിക താല്‍പര്യങ്ങള്‍ ഉണരുന്നു.  ഇത്തരം ബന്ധങ്ങളെ രക്ഷിതാക്കള്‍ പലപ്പോഴും എതിര്‍ക്കുമെന്നതിനാല്‍ ഈ കുട്ടികള്‍ ഒളിച്ചോടുന്നത് പതിവാവുകയാണെന്നും ജഡ്ജി നിരീക്ഷിച്ചു.

തങ്ങള്‍ ചെയ്യുന്നതിന്റെ ഗൗരവം മനസിലാക്കാതെയാണ് പലപ്പോഴും ആണ്‍കുട്ടികള്‍ എടുത്തുചാടുന്നത്. ചിലപ്പോള്‍ പെണ്‍കുട്ടിയാല്‍ വഞ്ചിക്കപ്പെട്ട് അവര്‍ ഇതിന് ഇരയാവുകയും ചെയ്യാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more