കോഴിക്കോട്: മൊബൈല്‍ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്നതിനായി ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനെയാണ്
ഹോസ്റ്റലില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത പെണ്‍കുട്ടികളുടെ ഹരജിയിലാണ് കോടതി ഉത്തരവ്. കോളെജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണവും അതിനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യവും പിന്നീടുണ്ടായ കോടതി ഉത്തരവിനെയും കുറിച്ച് ഫഹീമ ഷെറിനും പിതാവ് അക്‌സര്‍ ആര്‍ കെയും ഡ്യൂള്‍ ടോക്കില്‍ സംസാരിക്കുന്നു.
കോളെജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ഏത്തരത്തിലാണ് നിയന്ത്രണം എര്‍പ്പെടുത്തിയത് ?
കോളെജില്‍ ഇത്തരത്തിലുള്ള ഒരു വിഷയം ഉയര്‍ന്നു വരുന്നത് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്.
അവിടെ വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് വരെ വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ വാങ്ങിവെക്കും. ഞാന്‍ ഒരു ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയാണ്. പഠനാവശ്യത്തിനായി മൊബൈല്‍ഫോണിലുള്ള പല ആപ്പുകളും പി.ഡി.എഫ് രൂപത്തിലുള്ള നോട്ടും ഗൂഗിളും ഒക്കെയാണ് ഉപയോഗിക്കുന്നത്. ഡിക്ഷനറി നേക്കാനായാലും മൊബൈല്‍ഫോണ്‍ പഠനത്തിന് അത്യന്താപേക്ഷികമാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ അന്ന് തന്നെ പരാതി പറഞ്ഞിരുന്നു. ഈ നിയമം അനുസരിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് പറഞ്ഞത്.
വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എപ്പോഴായിരുന്നു?
ഈ നിയമം അനുസരിച്ചുകൊണ്ട് അവിടെ തുടരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പരാതി കൊടുത്തതിന് പിന്നാലെ ഹോസ്റ്റല്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിപ്പിക്കുകയായിരുന്നു. എന്നോട് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യുന്നതിന് മുന്‍പ് അവസാന ശ്രമമെന്ന നിലയിലാണ് കോടതിയെ സമീപിക്കുന്നത്.
മകള്‍ ഇങ്ങനെയൊരു പ്രശ്‌നം പറഞ്ഞപ്പോള്‍ വിഷയത്തിലെ ഇടപെടല്‍ എങ്ങനെയായിരുന്നു?
മകള്‍ ഇങ്ങനൊരു പ്രശ്‌നം പറയുമ്പോള്‍ നിനക്ക് പ്രയാസമാണെങ്കില്‍ നീ അത് ചെയ്യേണ്ടതില്ലെന്നാണ് ആദ്യം പറഞ്ഞത്. നിര്‍ബന്ധമായും ഫോണ്‍ വെക്കണമെന്നാണ് അവരുടെ പക്ഷം എന്ന് മകള്‍ പിന്നീട് അറിയിച്ചു. എന്നാല്‍ നിനക്ക് പഠനാവശ്യത്തിന് ഫോണ്‍ ആവശ്യമാണെങ്കില്‍ അത് വെക്കേണ്ടെന്ന് പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ നോക്കമെന്നും പറയുകയായിരുന്നു.
അസിസ്റ്റന്റെ വാര്‍ഡനാണ് മകളോട് ഇക്കാര്യം പറയുന്നത്. അപ്പോള്‍ തന്നെ അവള്‍ അത് പ്രയാസമാണെന്ന് പറയുകയായിരുന്നു. പ്രിന്‍സിപ്പലിനോട് കാര്യം സംസാരിക്കാനായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ പ്രിന്‍സിപ്പലിനെ കണ്ടു. പ്രിന്‍സിപ്പലിന് ഒരു റിക്വസ്റ്റ് ലെറ്റര്‍ കൊടുക്കുകയാണുണ്ടായത്. എനിക്ക് പഠനാവശ്യത്തിന് ഫോണ്‍ നിര്‍ബന്ധമാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു റിക്വസ്റ്റ് ലെറ്റര്‍. എന്നാല്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ പ്രയാസമാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. പകരം ഈ റൂള്‍ അനുസരിക്കാന്‍ കഴിയില്ലെന്ന് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ എന്തുകൊണ്ട് ഈ നിയമം അനുസരിക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ചുകൊണ്ട് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതി കൊടുത്തു. പിന്നാലെ ഇത്തരത്തില്‍ റൂള്‍ അനുസരിക്കാന്‍ കഴിയാത്ത കുട്ടിയെ കോളെജില്‍ തുടരാനനുവദിക്കണ്ടായെന്ന് പറഞ്ഞ് കൊണ്ടുള്ള പ്രിന്‍സിപ്പല്‍ ഒപ്പ് വെച്ച് ഒരു നോട്ട് വാര്‍ഡന് സര്‍ക്കുലേറ്റ് ചെയ്യുകയായിരുന്നു. ഒരു കോപ്പി മകള്‍ക്കും കൊടുത്തു. പിന്നീടാണ് എന്നെ വിളിപ്പിക്കുന്നത്.
പിന്നീടുണ്ടായ സംഭവം?
പ്രിന്‍സിപ്പലിനോട് ഇക്കാര്യത്തിലെ എന്റെ നിലപാട് വ്യക്തമാക്കാന്‍ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.എന്നാല്‍ നിങ്ങളെ കേള്‍ക്കാന്‍ വേണ്ടിയല്ല ഞാന്‍ വിളിപ്പിച്ചിരിക്കുന്നതെന്ന ഒറ്റ വാക്കായിരുന്നു അവരുടെ മറുപടി.
‘നിങ്ങളെ കേള്‍ക്കാന്‍ എനിക്ക് സമയമില്ല. പകരം നിങ്ങളുടെ മകളെ എക്‌സ്‌പെല്‍ ചെയ്തിരിക്കുകയാണ്. അതുകൊണ്ട് നിങ്ങള്‍ കുട്ടിയേയും കൂട്ടി ഇവിടെ നിന്ന് പോകേണ്ടതാണ് ‘ എന്ന് പറയുകയായിരുന്നു.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുനോക്കി. അപ്പോള്‍ അവരുടെ മറുപടി നിങ്ങള്‍ ഒരു രക്ഷിതാവ് മാത്രമല്ലല്ലോ, നിങ്ങളെ കൂടാതെ കുറേ രക്ഷിതാക്കന്മാരുണ്ടല്ലോ. അവരില്‍ ചിലര്‍ നിര്‍ബന്ധമായി പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത്. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത് നമുക്ക് എല്ലാവരേയും ചേര്‍ത്തൊരു യോഗം വിളിച്ചുചേര്‍ക്കാം. ഇതൊരു ജനാധിപത്യസമ്പ്രദായത്തിനകത്ത് ജീവിക്കുന്ന സമൂഹമല്ലേ, എല്ലാവര്‍ക്കും യോഗം ചേരാം ചര്‍ച്ച ചെയ്യാം എന്ന് .എന്നാല്‍ അത്തരത്തിലൊരു യോഗം ചേരാനൊന്നും കഴിയില്ല, നിങ്ങളുടെ മകളെ പുറത്താക്കിയിരിക്കുന്നുവെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഈയൊരു വിഷയത്തിലേക്ക് കടക്കുന്നത്.
പിന്നെ എനിക്കൊരു മറ്റൊരു മാര്‍ഗമില്ലാതെയായി. അപ്പോഴാണ് എനിക്ക് മനസിലാവുന്നത്, ഇത്തരത്തില്‍ അക്കാദമിക് തലത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ആളുകള്‍ക്ക്‌പോലും ഇത്തരം വിഷയങ്ങളിലുള്ള നിലപാട്, അതായത് ഇപ്പോഴും പഴയ ബോധത്തിനകത്ത് കുടുങ്ങി കിടക്കുന്ന അവസ്ഥ, ആ ഒരു ദയനീയത തിരിച്ചറിഞ്ഞത് ഈ സമയത്താണ്. അപ്പോഴാണ് ഇത് സമൂഹം അഡ്രസ് ചെയ്യേണ്ട ഒരു വിഷയമാണിതെന്ന് ഞാന്‍ മനസിലാക്കുന്നത്. ഇത് ഇനി സമൂഹത്തോട് പറയാനെ എനിക്ക് കഴിയുള്ളു. കാരണം പ്രിന്‍സിപ്പല്‍ എന്നെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സമൂഹത്തോട് പറയുമ്പോള്‍ പ്രിന്‍സിപ്പലും അതേ മനോഭാവമുള്ള ആളുകളും ഇത് കേട്ടിട്ട് അതില്‍ നിന്ന് എന്തെങ്കിലും മനസിലാക്കിയാല്‍ അതായിരിക്കും സമൂഹത്തിന് ഗുണകരം എന്ന് വിശ്വിസിക്കുന്നത് കൊണ്ടാണ് പിന്നീട് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.
നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുറത്തു നിന്നുള്ള പിന്തുണ എങ്ങനെയായിരുന്നു?
കേസുമായി മുന്നോട്ട് പോകാമെന്ന് കരുതിയപ്പോഴാണ് എല്‍.സി എസ് ആറിനെ
(ലീഗല്‍ കലക്ട്രീവ് ഫോര്‍ സ്റ്റ്യൂഡന്‍സ് റൈറ്റ്) ബന്ധപ്പെടുന്നത്. അവരാണ് കേസ് മുന്നോട്ട് കൊണ്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തന്നത്.