| Wednesday, 2nd December 2020, 11:06 am

സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കോടതി; ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കോടതി.  കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ് സരിത്തിന്റെയും മൊഴികള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞു.

പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.

കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികളാണ് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിശോധിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയതെന്നും കോടതി പറഞ്ഞു.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറുമായുള്ള ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകള്‍ ശേഖരിക്കാന്‍ സഹായകരമായതായി കോടതി വിലയിരുത്തി.

കള്ളക്കടത്തിനു സഹായം നല്‍കിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കര്‍ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ പ്രതികള്‍ മായ്ച്ചു കളഞ്ഞ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതിലൂടെ അന്വേഷണ സംഘത്തിനു സാധിച്ചെന്നും കോടതി പറഞ്ഞു.

സ്വപ്നയുടെ ആദ്യമൊഴികള്‍ ശിവശങ്കറെ ബോധപൂര്‍വം കുറ്റകൃത്യത്തില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടത് ഇതിലൂടെയാണെന്ന് കോടതി പറഞ്ഞു.

ഈ സാഹചര്യത്തില്‍ ശിവശങ്കറെ കേസില്‍ പ്രതിചേര്‍ക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളില്‍ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഏഴിന് രാവിലെ 11 നു ശിവശങ്കറെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ, നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത് എന്നിവരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു.

കസ്റ്റംസ് നിയമം 108 പ്രകാരം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കുന്ന മൊഴികള്‍ക്കും തുല്യമായ തെളിവുമൂല്യമുണ്ടെങ്കിലും കേസിന്റെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്താണു ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.

ഇതിനിടെ ഡോളര്‍ കടത്ത് കേസിലും എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.

അതേസമയം കള്ളപ്പണ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി ഇന്ന് വിശദീകരണം നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈകോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കാനായിട്ടില്ല. താന്‍ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. കസ്റ്റഡിയില്‍ വിട്ട ശിവശങ്കര്‍ സ്വപ്ന, സരിത് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Court Said Big Hands Behind Gold Smuggling Case

We use cookies to give you the best possible experience. Learn more