| Saturday, 9th December 2023, 4:56 pm

റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ എഴുത്തുകാരന്റെ ശില്പം തകർക്കണമെന്ന ആവശ്യം തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: റഷ്യയിലെ പ്രിമോസ്‌കി ക്രായിയിൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ എഴുത്തുകാരൻ അലക്സാണ്ടർ സോൽസെനിസിന്റെ ശില്പം തകർക്കണമെന്ന ആവശ്യം തള്ളി ജില്ലാ കോടതി.

രാജ്യത്തിന്റെ ചരിത്രത്തിലെ വിവാദ വ്യക്തിയും റഷ്യയെ കുറിച്ചും സോവിയറ്റ് യൂണിയനെ കുറിച്ചുമുള്ള തെറ്റായ വിവരങ്ങളുടെ ആൾരൂപവുമായിരുന്നു സോൽസെനിസിൻ എന്ന് ആരോപിച്ചായിരുന്നു ആൻഡ്രേ ഗുക് എന്ന ആക്ടിവിസ്റ്റ് ശില്പം തകർക്കാൻ കേസ് നൽകിയത്.

2015ൽ വ്ലാഡിവോസ്തോക് നഗരത്തിൽ സ്ഥാപിച്ച ശില്പം വളരെ കാലമായി തർക്കവിഷയമാണ്. നഗരത്തിന്റെ ചരിത്രവുമായി എഴുത്തുകാരന് യാതൊരു ബന്ധവുമില്ല എന്നതാണ് പ്രധാന ആരോപണം. അമേരിക്കയിലേക്ക് കുടിയേറിയ സോൽസെനിസിൻ തിരിച്ചുവന്ന ശേഷം 1994ൽ നടത്തിയ റഷ്യൻ ട്രെയിൻ പര്യടനം ആരംഭിച്ചത് വ്ലാഡിവോസ്തോക്കിൽ നിന്നാണ് എന്നത് മാത്രമാണ് ആകെയുള്ള ബന്ധം.

സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസത്തെയും തന്റെ എഴുത്തുകളിലൂടെ താറടിക്കാൻ ശ്രമിച്ച സോൽസെനിസിന്റെ ശില്പം സ്ഥാപിക്കുന്നത് അനുചിതമാണ് എന്നതാണ് മറ്റൊരു ആരോപണം. ശില്പം സ്ഥാപിച്ച ദിവസങ്ങൾക്കകം ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റ് എം.പി ‘യൂദാസ്’ എന്നെഴുതിയ പലക ശില്പത്തിൽ സ്ഥാപിച്ചിരുന്നു.

ഈ വർഷം തുടക്കത്തിൽ ശില്പം തകർക്കണമെന്ന എം.പിയുടെ ആവശ്യം പ്രാദേശിക ഭരണകൂടം തള്ളിക്കളഞ്ഞിരുന്നു. 2015 പ്രാദേശിക മാധ്യമം നടത്തിയ സർവ്വേയിൽ 87 ശതമാനം ആളുകളും ശില്പം തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നാണ് എം.പിയുടെ വാദം.

CONTENT HIGHLIGHT: Court rules to protect monument to legendary anti-Communist writer

We use cookies to give you the best possible experience. Learn more