| Thursday, 10th January 2013, 11:00 am

ഷാവേസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് തന്നെ നടത്തേണ്ടതില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ ഇന്ന് തന്നെ നടത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. നിയമവിധേയമായി സത്യപ്രതിജ്ഞ നീട്ടിവെക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കാമെന്ന് ദേശീയ അസംബ്ലി നേരത്തേ അനുമതി നല്‍കിയിരുന്നു. വെനസ്വേലന്‍ ഭരണഘടനാ പ്രകാരം ഇന്നാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ നടത്താനുള്ള അവസാന ദിവസം.[]

ഇന്ന് സത്യപ്രതിജ്ഞ നടത്തിയില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം ദേശീയ അസംബ്ലിയില്‍ ചേരും. എന്നാല്‍ ഷാവേസിന് സുഖം പ്രാപിക്കുന്നത് വരെ സത്യപ്രതിജ്ഞ നീട്ടിവെക്കാമെന്ന് ദേശീയ അസംബ്ലി അറിയിക്കുകയായിരുന്നു. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങ് നീട്ടിവെക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

ക്യൂബയില്‍ അര്‍ബുധരോഗ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ രക്തസ്രാവം അണുബാധയ്ക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ മാസം 11 നാണ് ഷാവേസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ശ്വാസകോശത്തിലാണ് അണുബാധയുണ്ടായിരിക്കുന്നത്. ഇടയ്ക്കിടെ ശ്വാസതടസ്സവുമുണ്ടാകുന്നുണ്ട്. പെല്‍വിക് കാന്‍സറാണ് ഷാവേസിനെ ബാധിച്ചിരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ശസ്ത്രക്രിയയ്ക്കും നാല്  വട്ടം കീമോ തറാപ്പിക്കും ഷാവേസ് വിധേയനായിട്ടുണ്ട്.

ഭേദമായെന്ന് കരുതിയ രോഗം വീണ്ടും തിരിച്ചെത്തിയതോടെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് ഷാവേസ് ചികിത്സയ്ക്കായി ക്യൂബയിലേക്ക് തിരിച്ചത്.

We use cookies to give you the best possible experience. Learn more