ന്യൂദല്‍ഹി: പത്തുദിവസം നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ലഭിച്ച ഹരജികളിലാണ് നിലവില്‍ കോടതി ഒമ്പത് ദിവസമായി വാദം കേള്‍ക്കുന്നത്.
ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ആണ് വിഷയത്തില്‍ വാദം കേട്ടത്.
വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ തീര്‍ത്തും അപ്രസക്തമാണെന്നും മുന്‍വിധി ഉണ്ടാക്കാന്‍ ഉതകുന്നവയാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.
മുത്തലാഖ്, ഗോ വധം എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് ഹിജാബ് വിഷയം. ഖുര്‍ആനില്‍ ഹിജാബിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത് പാലിക്കുന്നത് മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് അവരുടെ കടമയാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുസ്‌ലിം വിശ്വാസികള്‍ ഹിജാബ് ധരിക്കുന്നത് മറ്റ് മതസ്ഥരുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്ന് ഭരണകൂടം തെളിയിക്കാത്ത പക്ഷം ഹിജാബ് വിലക്കുന്നത് മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.
ഇത്തരം നടപടികള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സാധ്യതകളെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
തുടര്‍ച്ചയായി ഈ വിഷയത്തിലെ വാദം കേട്ട് കോടതിക്ക് ക്ഷമ നശിക്കുന്നുവെന്നും എത്രയും പെട്ടെന്ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടക്കുന്നത് അധിക ഹിയറിങ്ങാണെന്നും കോടതി പറഞ്ഞിരുന്നു.
Content Highlight; Court reserved hearing on hijab case, will tell the final verdict later says supreme court