| Friday, 17th April 2015, 5:34 pm

പാകിസ്ഥാനില്‍ ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ സ്‌പെഷ്യല്‍ പ്രേസിക്യൂട്ടര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റാവല്‍ പിണ്ടിയിലെ അഴിമതി വിരുദ്ധ കോടതി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് വീണ്ടും പുനരാരംഭിച്ചത്. 1990ല്‍ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ സര്‍ദാരി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ കേസ്.

കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 27നകം കോടതിയില്‍ ഹാജരാകണമെന്ന് സര്‍ദാരിക്ക് കോടതി നിര്‍ദേശം നല്‍കി. നേരത്തെ 2001ലായിരുന്നു സര്‍ദാരിക്കും ഭാര്യ ബേനസീര്‍ ഭൂട്ടോയ്ക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നത്. എന്നാല്‍ പ്രസിഡന്റിനുള്ള നിയമപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി 2010ല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നിര്‍ത്തി വെക്കുകയായിരുന്നു.

2013 സെപ്റ്റംബറില്‍ സര്‍ദാരിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേസില്‍ വീണ്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. 2008-2013 കാലഘട്ടത്തിലായിരുന്നു സര്‍ദാരി പാകിസ്ഥാന്‍ പ്രസിഡന്റായിരുന്നത്. സ്വിസ് ബാങ്ക് നിക്ഷേപം, അനധികൃതമായി വസ്തുവകകള്‍ വാങ്ങിക്കൂട്ടല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്.

സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്നും 10 ശതമാനം കമ്മീഷന്‍ കൈപറ്റുന്നു എന്ന ആരോപണത്തിന്റെ പേരില്‍ സര്‍ദാരിയെ മാധ്യമങ്ങള്‍ ഒരുകാലത്ത് “മിസ്റ്റര്‍ ടെന്‍ പെര്‍സന്റേജ്” എന്നാണ് കളിയാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more