| Monday, 3rd June 2019, 5:01 pm

മലേഗാവ് സ്‌ഫോടനക്കേസ്: കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ ഹര്‍ജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രജ്ഞ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് തള്ളിയ എന്‍.ഐ.എ പ്രത്യേക കോടതി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു

പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്ക്കെടുത്തില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രജ്ഞാ സിങ്ങിനോട് കോടതി നിര്‍ദേശിച്ചു. മലേഗാവ് കേസിന്റെ വിചാരണ വേളയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.

രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു പ്രജ്ഞയ്‌ക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന കണ്ടെത്തല്‍. കൂടാതെ, സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപ്പാലില്‍ ചേര്‍ന്ന ഗൂഢാലോചനാ യോഗത്തിലും പ്രജ്ഞ പങ്കാളിയാണെന്ന് അന്വഷണ സംഘം കണ്ടെത്തയിരുന്നു.

കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞ സിങ് ഠാക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബി.ജെ.പിക്ക് വെല്ലുവിളിയാവുമെന്ന് വിലയിരുത്തിയ മണ്ഡലമായിരുന്നു ഭോപ്പാല്‍. എന്നാല്‍, 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്ഞ സിങ് ഠാക്കൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയത്. 2008 മാലേഗാവ് സ്‌ഫോടനത്തില്‍ ഒമ്പത് വര്‍ഷം തടവിലായിരുന്ന പ്രജ്ഞ സിങ് ഠാക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. വിവാദങ്ങളിലൂടെയും വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധയാണ് പ്രജ്ഞ സിങ്ങ് ഠാക്കൂര്‍. വര്‍ഷങ്ങളായി ബി.ജെ.പി ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഭോപാല്‍. മുന്‍ ആര്‍.എസ്.എസ്. അംഗവും വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗം നേതാവുമാണ് ഇവര്‍.

We use cookies to give you the best possible experience. Learn more