കെ. സുരേന്ദ്രന്‍ ജയിലില്‍ തന്നെ: ജാമ്യാപേക്ഷ റാന്നി കോടതി തള്ളി
Kerala News
കെ. സുരേന്ദ്രന്‍ ജയിലില്‍ തന്നെ: ജാമ്യാപേക്ഷ റാന്നി കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th November 2018, 3:36 pm

റാന്നി: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. സന്നിധാനത്ത് തൃശൂര്‍ സ്വദേശിയായ 52കാരി ലളിതയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചത്.

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദം. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഇത് ഹാജാരാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം.

52കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തത്.

സുരേന്ദ്രനു പുറമേ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.രാജേഷ്,യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ് കെ. സുരേന്ദ്രനുള്ളത്. കണ്ണൂരിലെ കേസുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് സുരേന്ദ്രനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് കുറേക്കൂടി നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൂടി സുരേന്ദ്രനെതിരെ വന്നത്.