ന്യൂദല്‍ഹി: ബി.ജെ.പി എം.പി കെ.സി പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
ദല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ഹെമാനി മല്‍ഹോത്രയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ബലാത്സംഗം, പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി യുവതി മറ്റു ചില വ്യക്തികള്‍ക്കെതിരെ നേരത്തെയും മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ സംഭവങ്ങളിലും യുവതിക്ക് പ്രതികളുമായി ശത്രുതയുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മെയ് 26മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഈ യുവതി. താന്‍ ബലാത്സംഗത്തിന് ഇരയാണെന്നും എം.പിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ നടപടി ഒഴിവാക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹര്‍ജി നല്‍കിയത്.
കുടുംബാംഗങ്ങളെ പരിചയപ്പെടാം എന്നു പറഞ്ഞ് ഗാസിയാബാദിലെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തിയ യുവതി തനിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടേല്‍ രംഗത്തെത്തിയത്.
Must Read: മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ
അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി മുറുകിയപ്പോഴാണ് പട്ടേല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം യുവതിയും ഉയര്‍ത്തി. വൈകാതെ തന്നെ ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.