അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന മോഹനന്റെ ഹരജി തള്ളി
Kerala
അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന മോഹനന്റെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th June 2012, 10:04 am

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനന്‍ നല്‍കിയ ഹരജി കോടതി തള്ളി. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മോഹനന്‍ ഹരജി നല്‍കിയത്.  വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്.

വേണമെങ്കില്‍ ചോദ്യം ചെയ്യലിനിടെ അഭിഭാഷകനുമായി ഇടയ്ക്ക് ആശയവിനിമയം ആകാമെന്ന് കോടതി പറഞ്ഞു. അതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ പി.മോഹനന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

പി. മോഹനനെ ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കഴിഞ്ഞദിവസം വടകര കോടതി ഉത്തരവിട്ടിരുന്നു. മോഹനനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്.

ടി.പി വധവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ കീഴടങ്ങിയ സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കുഞ്ഞനന്ദന്റെ വീട്ടില്‍ നിന്ന് കെ.സി രാമചന്ദ്രന്‍ മോഹനനെ വിളിച്ചതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. 9495804804 എന്ന നമ്പറിലേക്കാണ് വിളിച്ചതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ടി.പിയെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനമുണ്ടെന്ന് മോഹനന്‍ കുഞ്ഞനന്തനോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കൊയിലാണ്ടിയില്‍ വെച്ച് കഴിഞ്ഞദിവസമാണ് മോഹനന്‍ അറസ്റ്റിലായത്. ടി.പി വധക്കേസില്‍ അറസ്റ്റിലായ കുഞ്ഞനന്തന്‍, ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റിയംഗം കെ.കെ കണ്ണന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.